സൗദി അറേബ്യയിൽ കനത്ത മഴ : ജനജീവിതത്തെ സാരമായി ബാധിച്ചു
റിയാദ് : സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. ഹായിൽ പ്രവിശ്യയിൽ മലവെള്ളപ്പാച്ചിലിൽ നിരവധി വാഹനങ്ങൾ വെളളത്തിൽ മുങ്ങി. റിയാദിലും പരിസര പ്രദേശങ്ങളിയലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഹായിൽ പ്രവിശ്യയിലെ അൽ മുദീഹ് ഗ്രാമത്തിൽ ഉണ്ടായ കനത്ത മഴയിൽ നിരവധി വാഹനങ്ങൾ റോഡിൽ നിശ്ചലമായി. മലവെള്ളപ്പാച്ചിലിൽ റോഡിൽ നിന്ന് തെന്നിമാറിയ പിക്അപ് വാനിൽ കുടുങ്ങിയ യുവാവിനെ മറ്റൊരു വാഹനത്തിലെത്തിയ യുവാക്കൾ രക്ഷപ്പെടുത്തി. നാളെ രാത്രി വരെ കനത്ത മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. റിയാദിലും പരിസര പ്രദേശങ്ങളിലും ഇന്നലെ മുതൽ ആഞ്ഞു വീശിയ പൊടിക്കാറ്റിന് ശമനമുണ്ട്.
മക്ക-−റിയാദ് ഹൈവേയിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണം. ഇവിടങ്ങളിൽ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം മൂലം അപകട സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നൽകി. നാളെ രാത്രി വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ, പൊടിക്കാറ്റ്, ആലിപ്പഴ വർഷം എന്നിവക്ക് സാധ്യതയുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.

