തിങ്കളാഴ്ച്ചത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ബസുടമകൾ
കോഴിക്കോട് : ഏപ്രിൽ ഒന്പത് തിങ്കളാഴ്ച നടക്കുന്ന ഹർത്താലിൽ സഹകരിക്കേണ്ടതില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. അന്നേ ദിവസം കേരളത്തിലെ മുഴുവൻ സ്വകാര്യ ബസുടമകളും സർവ്‍വീസ് നടത്തും. ദിവസേനയുള്ള ഡീസൽ വില വർദ്ധനവ് കാരണം സാന്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന ബസുടമകൾക്ക് ഹർത്താലിന് വേണ്ടി സർവ്‍വീസ് നിർത്തിവെക്കാനാവില്ല.
കഴിഞ്ഞ രണ്ടാം തീയ്യതിയിലെ പൊതു പണിമുടക്കിന് ശേഷം ഒരാഴ്ചക്കിടെ വീണ്ടും ഒരു ഹർത്താൽ അംഗീകരിക്കാനാവില്ല എന്ന് ഫെഡറേഷൻ പ്രസിഡണ്ട് എം.ബി സത്യനും ജനറൽസെക്രട്ടറി ലോറൻസ് ബാബുവുമാണ് അറിയിച്ചത്. ദളിത് സംഘടനകൾ നടത്തിയ ഭാരത് ബന്ദിൽ പങ്കെടുത്തവരെ വെടിവെച്ച് കൊന്നതിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

