സ്വദേശിവൽക്കരണത്തിൽ നിന്ന് പിന്‍മാറില്ലെന്ന് സൗദി തൊഴിൽ മന്ത്രാലയം
റിയാദ് : സൗദിയിലെ സ്വകാര്യ മേഖലയിൽ നടപ്പാക്കിവരുന്ന സ്വദേശിവൽക്കരണത്തിൽ നിന്ന് പിന്‍മാറില്ലെന്ന് ആവർത്തിച്ച് സൗദി തൊഴിൽ മന്ത്രാലയം. സ്വദേശികൾക്ക് സംവരണം ഏർപ്പെടുത്തിയ തസ്തികകളിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. 12 തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിവിധ വേദികളിൽ നിന്നുയർന്ന സംശയങ്ങൾക്ക് മറുപടിയായാണ് മന്ത്രാലയം നിവപാട് വ്യക്തമാക്കിയത്. വിവിധ മേഖലകളിൽ സപ്തംബർ 11 മുതൽ സ്വദേശിവൽക്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശികൾക്ക് സംവരണം ഏർപ്പെടുത്തിയ തസ്തികകളിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഇതിൽ ഏതെങ്കിലും വിദേശ രാജ്യത്തെ പൗരന്മാർക്ക് ഇളവ് അനുവദിച്ചിട്ടില്ലെന്നും തൊഴിൽ മന്ത്രാലയം വിശദീകരിച്ചു.
വാഹന വിൽപ്‍പന കേന്ദ്രങ്ങൾ, വസ്ത്ര റെഡിമെയ്ഡ് കടകൾ, വീട്ടുപകരണ കടകൾ, പാത്രക്കടകൾ എന്നിവയിൽ സപ്റ്റംബർ 11 മുതലാണ് സ്വദേശിവൽക്കരണം. ഇലക്ട്രോണിക് ഉപകരണ കടകൾ, വാച്ച് കടകൾ, കണ്ണട കടകൾ എന്നിവയിൽ സ്വദേശിവൽക്കണം നവംബർ ഒന്പത് മുതലും. മെഡിക്കൽ ഉപകരണ കടകൾ, കെട്ടിടനിർമാണ വസ്തുക്കളുടെ കടകൾ, സ്‌പെയർപാർട്‌സ് കടകൾ, കാർപറ്റ് കടകൾ, ബേക്കറികൾ എന്നിവയിൽ 2019 ജനുവരി ഏഴ് മുതലും പൂർണമായും സ്വദേശിവൽക്കരിക്കുമെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കിയിരുന്നു. ഇതിൽ ഒരു മാറ്റത്തിനും സാധ്യതയില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. സ്വദേശിവൽക്കരണത്തോടെ ബദൽ മാർഗ്‍ഗം തേടേണ്ട അവസ്ഥയിലാണ് ഭൂരിഭാഗം മലയാളികളും.

