അരുൺ ജെ­യ്റ്റ്‌ലി­ സൽ­മാൻ രാ­ജാ­വു­മാ­യി­ കൂ­ടി­ക്കാ­ഴ്ച നടത്തി­


ജിദ്ദ : രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിൽ എത്തിയ ഇന്ത്യൻ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവുമായി കൂടിക്കാഴ്ച നടത്തി. റിയാദിലെ യമാമ കൊട്ടാരത്തിൽ വെച്ചാണ് അരുൺ ജെയ്റ്റ്‌ലിയും സൽമാൻ രാജാവും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും സൗഹാർദവും ഇനിയും കൂടുതൽ മേഖലകളിൽ  ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. രാഷ്ട്രപതി റാംനാഥ്  കോവിന്ദിന്റെ സന്ദേശം സൽമാൻ രാജാവിന് അദ്ദേഹം കൈമാറി. 

മറ്റൊരു ചടങ്ങിൽ ഇന്ത്യ - സൗദി ജോയിന്റ് കമ്മീഷന്റെ പന്ത്രണ്ടാമത് യോഗം സൗദി വാണിജ്യ, നിക്ഷേപകാര്യ മന്ത്രി ഡോ. മാജിദ്  അൽഖസ്സാബിയുമായി ചേർന്ന് ജെയ്റ്റ്‍ലി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെയും സൗദിയിലെയും വ്യാപാര രംഗത്തെ നിരവധി പ്രമുഖർ   യോഗത്തിൽ സജീവമായി സംബന്ധിച്ചു. നിരവധി വനിതകളും സൗദി വ്യവസായ സമൂഹത്തെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു. പരസ്പര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിർദ്ദേശങ്ങളും തീരുമാനങ്ങളുമാണ് യോഗത്തിൽ ഉണ്ടായത്. 

അതിനിടെ ഇന്ത്യ അതിഥി രാജ്യം എന്നപദവി അലങ്കരിക്കുന്ന സൗദി പൈതൃകോത്സവത്തിന്റെ നഗരിയിൽ ജെയ്റ്റ്‌ലി സന്ദർശനം നടത്തി.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed