സൗദിയിൽ വാഹനങ്ങളുടെ വേഗപരിധി വർദ്‍ധിപ്പിക്കുന്ന നിയമം ഉടൻ പ്രാബല്യത്തിൽ

റിയാദ് : സൗദിയിലെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി വർദ്‍ധിപ്പിക്കുന്ന നിയമം ഉടൻ പ്രാബല്യത്തിൽ. പ്രധാനപ്പെട്ട ഹൈവേകളിൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ നൂറ്റിനാൽപ്പത് കിലോമീറ്റർ ആക്കി വർദ്ധിപ്പിക്കാൻ നേരത്തെ സൗദി ട്രാഫിക് വിഭാഗം തീരുമാനിച്ചിരുന്നു. ഇതുസംബന്ധമായ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ നിയമം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ മണിക്കൂറിൽ നൂറ്റിയിരുപത് കിലോമീറ്റർ ആണ് സൗദിയിലെ റോഡുകളിൽ അനുവദിച്ച പരമാവധി വേഗത. പുതിയ സൈൻ ബോർഡുകൾ ഉടൻ റോഡുകളിൽ സ്ഥാപിക്കും.
റിയാദ്-തായിഫ് റോഡ്, റിയാദ്−ദമാം റോഡ്, റിയാദ്−ഖസീം റോഡ്, മക്ക−മദീന ഹൈവേ എന്നിവിടങ്ങളിൽ ആണ് ആദ്യഘട്ടത്തിൽ സ്പീഡ് ലിമിറ്റ് നൂറ്റിനാൽപ്പത് ആയി വർദ്‍ധിപ്പിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത് വരെ നിലവിലുള്ള നിയമം പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി. അതേസമയം വേഗപരിധി വർദ്‍ധിപ്പിച്ചതായുള്ള പ്രചാരണം അധികൃതർ നിഷേധിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് റോഡ് സുരക്ഷാ വിഭാഗം വ്യക്തമാക്കി.