കുവൈത്തിൽ ഗാർഹിക തൊഴിലാളികളെ സ്‌പോൺസർ ചെയ്യാൻ വിദേശികളെ അനുവദിക്കരുതെന്നാവശ്യം

കുവൈത്ത് സിറ്റി : കുവൈത്തിൽ ഗാർഹിക തൊഴിലാളികളെ സ്‌പോൺസർ ചെയ്യാൻ വിദേശികളെ അനുവദിക്കരുതെന്ന് കുവൈത്ത് പാർലമെന്റിലെ ഏക വനിതാ എം.പി സാഫാ അൽ ഹാഷെ ആവശ്യപ്പെട്ടു. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയും നിയമിക്കുകയും ചെയ്യുന്ന വിദേശികൾ അവരോട് മോശമായി പെരുമാറുന്നുവെന്നും അവരെ പീഡിപ്പിക്കുന്നതായും ഇത് രാജ്യത്തിന്റെ പ്രതിച്ഛായയെ തകർക്കുന്നതായും സാഫാ അൽ ഹാഷെ സഭയിൽ അഭിപ്രായപ്പെട്ടു.
വിചിത്രങ്ങളായ നിരവധി നിർദ്‍ദേശങ്ങളുമായി മുന്പും ഇവർ രംഗത്തെത്തിയിരുന്നു. എന്നാൽ സാഫാ അൽ ഹാഷെമിന്റെ നിർദ്ദേശങ്ങൾക്ക് ഒന്നും തന്നെ ഇത് വരെ മറ്റ് അംഗങ്ങളുടെ പിന്തുണ ലഭിച്ചിട്ടിലായിരുന്നതും ശ്രദ്ധേയമാണ്. വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് അഞ്ച്% ടാക്‌സ് ഏർപ്പെടുത്തണമെന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് അവർ നേരത്തെ മുന്നോട്ട് വെച്ചത്.
ഫിലിപ്പീൻസ് വീട്ടുജോലിക്കാരിയെ കൊന്ന് ഫ്രീസറിൽ തള്ളിയശേഷം നാടുവിട്ട അറബ് വംശജരായ വിദേശികളുടെ കഥ അടുത്തിടെയാണ് പുറത്തുവന്നത്. ഒരു വർഷമായി ഫ്രീസറിൽ സൂക്ഷിക്കപ്പെട്ട മൃതദേഹം കണ്ടെടുത്തതോടെ കുവൈത്തും ഫിലിപ്പീൻസും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ വഷളായിട്ടുമുണ്ട്.
നിബന്ധനകൾക്ക് അനുസരിച്ച് വിദേശികൾക്ക് വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് കുവൈത്തിൽ അനുവാദമുണ്ട്. മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർ ഇത് ഫലപ്രദമായി ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ, വീട്ടുജോലിക്കാരോട് മോശമായി പെരുമാറിയതിനോ അവരെ പീഡിപ്പിച്ചത് സംബന്ധിച്ചോ ഇതുവരെ ഒരു സർക്കാർ ഏജൻസിയും വിദേശികൾക്കെതിരെ കുറ്റം ആരോപിച്ചിട്ടില്ല. എന്നിരുന്നാലും കുവൈത്ത് നേരിടുന്ന ഓരോ പ്രശ്‌നങ്ങൾക്കും വിദേശികളെ പഴിചാരുന്ന രീതിയാണ് സാഫാ അൽ ഹാഷെയ്ക്കുള്ളത്.