വിദേശ തൊഴിലാളികൾക്ക് ഇനി പ്രൊഫഷൻ മാറ്റിനൽകില്ലെന്ന് സൗദി

റിയാദ് : സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് ഇനി പ്രൊഫഷൻ മാറ്റാൻ ആകില്ല. വിദേശ തൊഴിലാളികൾക്ക് പ്രൊഫഷൻ മാറ്റി നൽകുന്നത് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അവസാനിപ്പിച്ചിരിക്കുകയാണ്. പുതിയ നിയമം സൗദിയിൽ ജോലി ചെയ്യുകയും പുതിയ വിസകളിൽ സൗദിയിലേക്ക് വരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് വിദേശികൾക്ക് തിരിച്ചടിയായേക്കുമെന്നാണ് കണക്കാക്കുന്നത്.
നേരത്തെ മറ്റു പ്രൊഫഷനുകളിലുള്ള വിസകളിൽ സൗദിയിലെത്തുന്ന വിദേശികൾക്ക് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് പ്രൊഫഷൻ മാറ്റാൻ അവസരമുണ്ടായിരുന്നു. പുതിയ തീരുമാനം വന്നതോടെ പുതിയ വിസകളിൽ എത്തുന്നവർക്ക് പ്രൊഫഷൻ മാറ്റാൻ കഴിയില്ല.
തൊഴിൽ നിയമം അനുസരിച്ച് താമസാനുമതി രേഖ (ഇഖാമ)യിൽ ചേർത്തിട്ടുള്ള പ്രൊഫഷൻ വിരുദ്ധമായ തൊഴിലുകളിൽ വിദേശികൾ ഏർപ്പെടുന്നത് നിയമ ലംഘനമാണ്. സ്വകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ പ്രൊഫഷനുകളിലുള്ള വിസകൾ പലപ്പോഴും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അനുവദിക്കാറില്ല.
ഇത്തരം സാഹചര്യങ്ങളിലെല്ലാം കിട്ടിയ വിസകളിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന ശേഷം പ്രൊഫഷൻ മാറ്റുകയാണ് സ്ഥാപനങ്ങളും തൊഴിലാളികളും ചെയ്തിരുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 8,05,641 പേരാണ് പ്രൊഫഷൻ മാറ്റിയത്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പേർ ഏഷ്യൻ വംശജരാണ്.
പ്രൊഫഷൻ മാറ്റിയവരിൽ 65 ശതമാനവും ഏഷ്യക്കാരാണ്. മൂന്നു വർഷത്തിനിടെ പ്രൊഫഷൻ മാറ്റിയവരിൽ 71 ശതമാനവും റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യകളിൽ ജോലി ചെയ്യുന്നവരാണെന്ന് റിപ്പോർട്ട്.