ജിദ്ദയിലെ പുതിയ വിമാനത്താവളം അടുത്ത റമദാൻ ഒന്നിന് പ്രവർത്തനം തുടങ്ങും

ജിദ്ദ : ജിദ്ദയിൽ പുതിയതായി നിർമ്മിക്കുന്ന വിമാനത്താവളം അടുത്ത റമദാൻ ഒന്നിന് തുറക്കും. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. സന്പൂർണ നഗരമെന്നോണം പൂർത്തിയാക്കുന്ന പുതിയ വിമാനത്താവളം ജിദ്ദയുടെ ഏറ്റവും പ്രധാനപ്പെട്ട അടയാളമായി മാറും.
സിംഗപ്പൂരിലെ ചാംഗി എയർപോർട്ട് കന്പനിയാണ് പുതിയജിദ്ദ വിമാനത്താവളം പ്രവർത്തിപ്പിക്കുക. ലോകത്തെ വിമാനത്താവളങ്ങളിലെ ഏറ്റവും മികച്ച എൻജിനീയറിംഗ് പദ്ധതിയായി 2015ൽ നടന്ന എട്ടാമത് രാജ്യാന്തര പശ്ചാത്തല വികസന ഫോറം ജിദ്ദ വിമാനത്താവളത്തെ തിരഞ്ഞെടുത്തിരുന്നു. ഭാവിയിൽ എളുപ്പത്തിൽ വികസിപ്പിക്കാവുന്ന നിലക്കാണ് പുതിയ വിമാനത്താവളം രൂപകൽപന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ പത്ത് കോടി യാത്രക്കാർക്ക് പ്രതിവർഷം ഉപയോഗപ്പെടുത്താം.
ലഗേജുകൾ പരിശോധിക്കുന്നതിനുള്ള 32 എക്‌സ്‌റേ മെഷീനുകളും ലഗേജുകൾ നീക്കം ചെയ്യുന്നതിന് 33 കിലോമീറ്റർ നീളത്തിലുള്ള കൺവെയർ ബെൽറ്റുകളും 132 ലിഫ്റ്റുകളും പുതിയ വിമാനത്താവളത്തിലുണ്ടാകും. നിർമ്മാണത്തിന്റെ 90 ശതമാനത്തിലധികം ജോലികളും പൂർത്തിയായിട്ടുണ്ട്.