സൗദിയിൽ ഡോക്ടർമാർ മരുന്നുകളുടെ ശാസ്ത്രീയനാമം എഴുതാൻ ഉത്തരവ്
റിയാദ് : ഡോക്ടർമാർ രോഗികൾക്ക് നൽകുന്ന മരുന്നിനുള്ള കുറിപ്പിൽ ബ്രാൻഡ് നെയിം ഉപയോഗിക്കരുതെന്ന് സൗദി ആരോഗ്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. പകരം മരുന്നുകളുടെ ശാസ്ത്രീയ നാമം മാത്രം ഉപയോഗിച്ചാൽ മതിയെന്നും നിർദേശം നൽകി.
രാജ്യത്ത് വിതരണം ചെയ്യുന്ന മറ്റ് മരുന്നുകളുടെ ശാസ്ത്രീയനാമം മാത്രമേ കുറിപ്പടിയിൽ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ ഉത്തരവിൽ വ്യക്തമാക്കി.
മരുന്നുകളുടെ ശാസ്ത്രീയനാമം ഉപയോഗിക്കുന്നതോടെ ഗുണനിലവാരമുള്ള, ചെലവ് കുറഞ്ഞ മരുന്ന് ലഭ്യമാക്കാൻ കഴിയും. വിപണിയിൽ മത്സര രംഗത്തുള്ള കന്പനികൾ വില കുറയ്ക്കാനും നിർബന്ധിതരാകും. ലോകാരോഗ്യ സംഘടന മരുന്നുകളുടെ ശാസ്ത്രീയനാമം പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിച്ചിട്ടുളളത്. അതുകൊണ്ടാണ് ആരോഗ്യ മന്ത്രാലയവും ഇതേ നയം പിന്തുടരുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കി.
അതേസമയം, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മരുന്നുകളുടെ ബ്രാൻഡ് നെയിം ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. പുതിയ നയം ഫലപ്രദമായി നടപ്പാക്കുന്നതിന് ഡോക്ടർമാർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്നുകളുടെ ശാസ്ത്രീയ നാമം ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ സംബന്ധിച്ച് ബോധവത്കരണ പ്രചാരണങ്ങൾക്ക് ആരോഗ്യമന്ത്രാലയം രൂപം നൽകിയിട്ടുണ്ട്. നിയമലംഘനങ്ങൾ ടോൾ ഫ്രീ നന്പരാ
യ 937ൽ അറിയിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശം നൽകി.

