ഖത്തീഫിൽ മൂന്ന് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു
റിയാദ് : സൗദി ആഭ്യന്തര മന്ത്രാലയം തിരഞ്ഞു കൊണ്ടിരിക്കുന്ന മൂന്നു ഭീകരർ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ കൊല്ലപ്പെട്ടു. കിഴക്കൻ സൗദിയിലെ ദമാമിനു സമീപമുള്ള ഖത്തിഫിൽ നടന്ന സൈനിക നീക്കത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.
കവർച്ച ചെയ്ത വാഹനം ഉപയോഗിച്ച് സുരക്ഷാ സേനയ്ക്കെതിരെ വെടിയുതിർത്തപ്പോൾ സൈന്യം നടത്തിയ തിരിച്ചടിയിലാണ് അക്രമികൾ കൊല്ലപ്പെട്ടത്.
സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതടക്കം പ്രദേശത്തെ വിവിധ ഭീകരാക്രമണ കേസുകളിലെ പ്രതികളാണ് കൊല്ലപ്പെട്ടതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൊല്ല പ്പെട്ടവരിൽ രണ്ടുപേർ സൗദി സ്വദേശികളും ഒരാൾ ബഹ്‌റൈൻ പൗരനുമാണ്.
സൗദി പൗരന്മാരായ ജാഫർ ബിൻ ഹസൻ മെക്കി അൽ മിബൈറിക്, സാദിഖ് അബ്ദുല്ല മെഹ്ദി, ബഹ്‌റൈൻ പൗരനായ ഹസ്സൻ ബിൻ മഹ്മൂദ് അലി അബ്ദുല്ല എന്നിവരാണു കൊല്ലപ്പെട്ടത്.
കവർച്ച ചെയ്ത കാറിലെത്തിയ സംഘത്തിൽ നിന്നു വൻതോതിൽ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഈ വർഷം മാർച്ച് അവസാനം മുതൽ ഇതുവരെ 22 ഭീകരാക്രമണങ്ങളാണ് ഖത്തിഫിൽ നടന്നത്.

