പട്ടിണിയിലായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഊർജിത ശ്രമം

റിയാദ് : സൗദി അറേബ്യയിലെ ജിദ്ദയില്‍ പട്ടിണിയിലായ ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിൽ ഇതിനുള്ള ആദ്യ ഘട്ട പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്.
സാമ്പത്തിക പ്രതിസന്ധിയിലായ വന്‍കിട നിര്‍മാണ കമ്പനികള്‍ക്ക് മാസങ്ങളായി തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാന്‍ കഴിയുന്നില്ല. ഇതേ തുടര്‍ന്ന് സൗദി അറേബ്യയുടെ പല ഭാഗങ്ങളിലായി ലേബര്‍ ക്യാമ്പുകളില്‍ പതിനായിരത്തോളം തൊഴിലാളികൾ ഭക്ഷണവും വെള്ളവും ലഭിക്കാതെ ദുരിതമനുഭവിക്കുന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
പ്രതിസന്ധി രൂക്ഷമായപ്പോൾ ഇതിൽ ചിലർ നാട്ടിലേയ്ക്ക് മടങ്ങി. എന്നാൽ ലഭിക്കാനുള്ള ശമ്പള കുടിശ്ശിക ലഭിച്ച ശേഷം മടങ്ങാനായി കാത്തിരിക്കുകയാണ് മറ്റു ചിലർ. തൊഴിൽ ചെയ്യുന്ന കമ്പനികള്‍ മതിയായ രേഖകള്‍ ശരിയാക്കി കൊടുക്കാത്തതിനാല്‍ മടങ്ങാൻ കഴിയാത്തവരുമുണ്ട്. 71 മലയാളികള്‍ സംഘത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചില സന്നദ്ധ സംഘടനകളും, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റുമെല്ലാം ഇവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നുണ്ട്.
800 ഓളം ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന സൗദി ഓജര്‍ കമ്പനിയിലെ ആയിരക്കണക്കിന് തൊഴിലാളികളായിരുന്നു മാസങ്ങളായി ശമ്പളം ലഭിക്കാതെ വലഞ്ഞത്. കമ്പനി പൂട്ടിയതിനെ തുടര്‍ന്നാണ് മലയാളികൾ ഉൾപ്പെടെയുള്ള ഈ തൊഴിലാളികള്‍ വഴിയാധാരമായത്. കഴിഞ്ഞ ദിവസം തൊഴിലാളികള്‍ സംഘടിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. തുടർന്ന് തൊഴില്‍ മന്ത്രാലയം ഇടപെട്ട് എല്ലാ അവകാശങ്ങളും നല്‍കി നാടുകളിലേക്ക് കയറ്റിവിടാമെന്ന് കമ്പനികളുടെ ഉറപ്പ് വാങ്ങിയിരുന്നു. എന്നാല്‍ കമ്പനി അധികൃതര്‍ ഈ ഉറപ്പ് പാലിച്ചില്ലെന്നും സൗദി തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ പറയുന്നു.
തൊഴിലാളികളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് പ്രശ്‌നത്തിലിടപെടുകയും ഇന്ത്യന്‍ എംബസിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എംബസി, മലയാളി സംഘടനകള്‍, എന്നിവയെ ഏകോപിപ്പിച്ച് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍ക്ക സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.