വിമാനത്താവളത്തിലെ തല്ല്: ശശികല പുഷ്പയെ പാർട്ടിയിൽ നിന്നും പുറത്താക്കി

ഡൽഹി: എഐഎഡിഎംകെ എം.പി ശശികല പുഷ്പയും ഡി.എം.കെ എം.പി തിരുച്ചി ശിവയും തമ്മില്‍ ഡല്‍ഹി വിമാനത്താവളത്തിലുണ്ടായ കൈയ്യാങ്കളിയെച്ചൊല്ലി രാജ്യസഭയില്‍ നാടകീയരംഗങ്ങള്‍. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ശശികല വിതുമ്പിക്കൊണ്ട് സഭയില്‍ പറഞ്ഞു. രാജിവെയ്ക്കണമെന്ന് ഭീഷണിപ്പെടുത്തിയതായും ശശികല പറഞ്ഞു. ഇതോടെ എഐഎഡിഎംകെ, ഡി.എം.കെ അംഗങ്ങള്‍ ബഹളംവെച്ചു. ഇതിനുതൊട്ടു പിന്നാലെ ശശികല പുഷ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
ശശികലയും ഡിഎംകെ എംപി തിരുച്ചിശിവയും തമ്മിൽ ഡൽഹി വിമാനത്താവളത്തിൽ വച്ചായിരുന്നു കൈയാങ്കളി. രാജ്യസഭാംഗങ്ങളായ ഇരുവരും ഒരേ വിമാനത്തിൽ യാത്രചെയ്യാനെത്തിയതായിരുന്നു. ജെറ്റ് എയർവേസിന്റെ വിമാനത്തിലായിരുന്നു ഇരുവർക്കും ടിക്കറ്റ്.
ജെറ്റ് എയർവേസിന്റെ കൗണ്ടറിൽ ശശികല ചെക്കിംഗിനായി നിൽക്കുമ്പോൾ കുറച്ചകലെനിന്നു ശിവ എന്തോ പറഞ്ഞു. ഇതു കണ്ട് ക്യൂവിൽനിന്ന് ഇറങ്ങിയ ശശികല തിരുച്ചി ശിവയുടെ അടുത്തെത്തി കഴുത്തിനു കുത്തിപ്പിടിച്ച് തല്ലുകയായിരുന്നു. കാലുയർത്തി തൊഴിക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റി.
കൈയാങ്കളിയെത്തുടർന്ന് ഇരുവരെയും യാത്ര ചെയ്യാൻ അനുവദിച്ചില്ല. ശശികല യാത്ര ചെയ്യുന്ന വിമാനത്തിൽ താൻ യാത്ര ചെയ്യില്ലെന്നു ശിവ പറഞ്ഞതാണു പ്രകോപനത്തിനു കാരണമെന്നാണു റിപ്പോർട്ട്. തമിഴ്‌നാട് രാഷ്ട്രീയത്തിലെ ബദ്ധവൈരികളാണ് ഇരുവരും. അതേസമയം, ജയലളിത സർക്കാരിനെതിരായ ശിവയുടെ വിമർശനങ്ങൾ അതിരുവിട്ടപ്പോഴാണ് താൻ കൈവച്ചതെന്നാണു ശശികലയുടെ നിലപാട്.
അതേസമയം അസഹിഷ്ണുതാ വിവാദത്തില്‍ ബോളിവുഡ് നടന്‍ ആമിര്‍ ഖാനെതിരെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നടത്തിയ പ്രസ്താവന ഉന്നയിച്ച് രാജ്യസഭയില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.