റഷ്യ - ഉക്രെയ്ൻ പ്രതിസന്ധി അല്ല വാതക വില കൂടാൻ കാരണമെന്ന് ഖത്തർ ഊർജ്ജ സഹമന്ത്രി

റഷ്യ-ഉക്രെയ്ൻ പ്രതിസന്ധി കൊണ്ടല്ല മറിച്ച് നിക്ഷേപത്തിന്റെ കുറവാണ് ആഗോള വിപണിയിൽ പ്രകൃതി വാതകത്തിന്റെ വില കുത്തനെ വർധിക്കാൻ കാരണമെന്ന് ഊർജ സഹമന്ത്രി സാദ് ബിൻ ഷെരീദ അൽകാബി. അടിസ്ഥാനപരമായി നിക്ഷപക്കുറവാണ് വാതക വില കൂടാൻ കാരണം. ഇതു പരിഹരിക്കാൻ സമയമെടുക്കുമെന്നും അൽ കാബി ചൂണ്ടിക്കാട്ടി. വാതക കയറ്റുമതി രാജ്യങ്ങളുടെ ഫോറത്തിന്റെ (ജിഇസിഎഫ്) ഉച്ചകോടിയോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. അധിക ദ്രവീകൃത പ്രകൃതി വാതക(എൽഎൻജി) വിതരണം വേണമെന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യകത നിറവേറ്റണമെന്നാണ് ഖത്തർ ആഗ്രഹിക്കുന്നത്. എന്നാൽ ഖത്തറിന്റെ ഭൂരിഭാഗം ഉപഭോക്താക്കളും ദീർഘകാല കരാറിൽ ഒപ്പിട്ടവരാണ്. നിരവധി യൂറോപ്യൻ രാജ്യങ്ങൾ വാതക വിതരണത്തിനായി ഖത്തറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. ജിഇസിഎഫ് രാഷ്ട്രീയ ഫോറം അല്ലാത്തതിനാൽ ഉച്ചകോടിയിൽ റഷ്യൻ-ഉക്രെയ്ൻ പ്രതിസന്ധി ചർച്ച ചെയ്തില്ലെന്നും മന്ത്രി വ്യക്തമാക്കി.