പ്രവാസി തൊഴിലാളികള്‍ രാജ്യത്തെ നിയമങ്ങളെയും സംസ്‌കാരത്തെയും മാനിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ രാജ്യത്തെ നിയമങ്ങളെയും സംസ്‌കാരത്തെയും മാനിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. പ്രവാസികള്‍ക്കായി നടത്തിയ വെബിനാറലാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. ഖത്തറിലെത്തുന്ന ഓരോ പ്രവാസിയും അവരവരുടെ രാജ്യത്തിന്റെ പ്രതിനിധിയാണെന്നും സ്വന്തം രാജ്യത്തെ കുറിച്ച് മതിപ്പുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കണമെന്നും ഖത്തറിലെ നിയമങ്ങളും സംസ്‌കാരവും പാരമ്പര്യവും മാനിക്കണമെന്നും അധികൃതര്‍ അറിയിച്ചു. മോഷണം, ചൂതാട്ടം, ലഹരി ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രവാസികളായവര്‍ ഉള്‍പ്പെടുന്നത് കൂടുന്നുണ്ടെന്നും ഖത്തര്‍ പിന്തുടരുന്ന ധാര്‍മിക മൂല്യങ്ങള്‍ക്കെതിരായതെല്ലാം ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.മാത്രമല്ല തൊഴിലിടങ്ങളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ മന്ത്രാലയത്തെ സമീപിക്കാമെന്നും തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് തന്നെ ശമ്പളം നല്‍കണമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ലെഫ്. കേണല്‍ അലി ഫലാഹ് ഇല്‍ മര്‍റി ഓര്‍മ്മപ്പെടുത്തി.