ഒരു ലക്ഷം സൗജന്യ ടിക്കറ്റ്: ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി ഖത്തർ എയർവെയ്സ്
ദോഹ: കൊവിഡിനെ തുരത്താൻ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ ഖത്തർ എയർവെയ്‌സ് ആദരിക്കുന്നു. ഒരു ലക്ഷം ആരോഗ്യപ്രവർത്തകർക്ക് സൗജന്യമായി ടിക്കറ്റ് നൽകുമെന്ന് ഖത്തർ എയർവെയ്സ് പ്രഖ്യാപിച്ചു. സൗജന്യ ടിക്കറ്റിന് വേണ്ടി ഖത്തർ എയർവെയ്സ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇന്ന് രാത്രി ഖത്തർ സമയം 12.01 മുതൽ ആരംഭിക്കുന്ന രജിസ്ട്രേഷൻ മെയ് 18ന് രാത്രി 11.59ന് അവസാനിക്കും.
ഫോം പൂരിപ്പിച്ച് നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് മുൻഗണനാ ക്രമപ്രകാരം പ്രൊമോഷൻ കോഡ് ലഭിക്കും. ലോകത്തെ എല്ലാ രാജ്യത്തുമുള്ള ആരോഗ്യപ്രവർത്തകർക്കും സൗജന്യ ടിക്കറ്റിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്. അപേക്ഷാപ്രക്രിയ സുതാര്യവും നീതിപൂർവ്‍വവും ആക്കുന്നതിന് ഒരോ രാജ്യത്തും ജനസംഖ്യ അനുസരിച്ച് ദിവസം നിശ്ചിത ടിക്കറ്റുകൾ നീക്കിവയ്ക്കും. ദിവസവും രാത്രി 12.01 അതത് ദിവസത്തെ ടിക്കറ്റ് അലോക്കേഷൻ പുറത്തുവിടും.
പ്രമോഷൻ കോഡ് ലഭിച്ച ആരോഗ്യ പ്രവർത്തകർക്ക് ഖത്തർ എയർവെയ്സ് സർവ്‍വീസ് നടത്തുന്ന ലോകത്തെ ഏത് നഗരത്തിലേക്കും രണ്ട് എക്കോണമി ക്ലാസ് റിട്ടേൺ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടെവരുന്നയാൾക്കു വേണ്ടിയാണ് രണ്ടാമത്തെ ടിക്കറ്റ്.

