എത്യോപ്യ പുനരധിവാസം : 110 കോടി റിയാലിന്റെ പദ്ധതിയുമായി ഖത്തർ

ദോഹ : എത്യോപ്യയിൽ പുനരധിവാസ പദ്ധതികൾക്കായി 110 കോടി റിയാലിന്റെ പദ്ധതിയുമായി ഖത്തർ രംഗത്ത്. ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റിന്റെ സഹായത്തോടെ നൂറ്റപ്പത്ത് കോടി റിയാലിന്റെ പദ്ധതികളാണ് ക്യു.ആർ.സി.എസ് ഇത്യോപ്യയിൽ നടപ്പാക്കുക. 38,000 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇത് സംബന്ധിച്ച് ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റിയും ആക്ഷൻ ഫോർ ദി നീഡി ഇൻ എത്യോപ്യ (എ.എൻ.ഇ)യും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ക്യു.ആർ.സി.എസ് സെക്രട്ടറി ജനറൽ അലി ഹസൻ അൽ ഹമ്മദിയും എ.എൻ.ഇ മാനേജിംഗ് ഡയറക്ടർ സാലിഹു സുൽത്താനുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
താമസം, കുടിവെള്ളം, ശുചിത്വ പരിപാലനം, ഭക്ഷണം, ജീവനോപാധി എന്നിവ എത്യോപ്യയിലെ ജനങ്ങൾക്കു ലഭ്യമാക്കാനാണ് പദ്ധതിയെന്ന് അലി ഹസൻ അൽ ഹമ്മദി പറഞ്ഞു.