ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യൻ നിക്ഷേപത്തിൽ അഞ്ച് വർഷത്തിനിടെ വൻ വർദ്ധന

ദോഹ : ജി.സി.സി രാജ്യങ്ങളിൽ ഇന്ത്യയുടെ നിക്ഷേപം അഞ്ചുവർഷങ്ങൾക്കുള്ളിൽ 4.7 ശതമാനം വർദ്ധിച്ചെന്ന് ഗവേഷണ റിപ്പോർട്ട്. 2011 മുതൽ 2016 വരെയുള്ള കാലഘട്ടത്തിലെ കണക്കുപ്രകാരമാണിത്. ഇന്ത്യയിൽ ജി.സി.സി രാജ്യങ്ങളുടെ നിക്ഷേപത്തിലും ഈ കാലയളവിൽ 2.9 % വർദ്ധനയുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജി.സി.സി രാജ്യങ്ങളിൽ നേരിട്ടുള്ള വിദേശനിക്ഷേപം കുറഞ്ഞ സാഹചര്യങ്ങളിലും ഇന്ത്യയുടെ നിക്ഷേപം വർദ്ധിക്കുകയായിരുന്നു. 2011ൽ 140 കോടി ആയിരുന്ന ഇന്ത്യയുടെ നേരിട്ടുള്ള വിദേശനിക്ഷേപം 2016ൽ 290 കോടി ഡോളറായി. ആൽപെൻ ക്യാപ്പിറ്റലാണു റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.
വാണിജ്യത്തിനും ഉപരി മേഖലയും ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ പക്വമാകുകയാണെന്ന് ആൽപെൻ ക്യാപിറ്റൽ എക്സിക്യൂട്ടീവ് ചെയർമാൻ രോഹിത് വാലിയ പറഞ്ഞു. ഉഭയകക്ഷി വ്യാപാരം വർദ്ധിക്കുന്പോഴും നിക്ഷേപകർക്ക് വൻ അവസരങ്ങളാണ് ജി.സി.സി ഇന്ത്യ ഇടനാഴി തുറന്നിടുന്നത്.
വികസനത്തിന്റെ അതിവേഗ പാതയിലായ ഇന്ത്യയിൽ അടിസ്ഥാന സൗകര്യ വികസന രംഗത്തും ഡിജിറ്റൽ രംഗത്തും അവസരങ്ങൾ തുറന്നിടുന്നു. കൂടാതെ, നിർമ്മാണ മേഖല, ഊർജരംഗം തുടങ്ങിയവയും മുന്നേറുകയാണ്. എണ്ണ, പ്രകൃതി വാതകം, ഭഷ്യസംസ്കരണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളാണു ജി.സി.സിയിൽ പ്രമുഖ നിക്ഷേപ അവസരങ്ങൾ ഒരുക്കുന്നതെന്ന് രോഹിത് വാലിയ പറഞ്ഞു.