റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് സഹായവുമായി ഒമാൻ

മസ്്ക്കറ്റ് : റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഒമാൻ ഭക്ഷണവും വസ്ത്രവും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ വിതരണം ചെയ്തു. ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാന്പുകളിലെത്തിയാണ് ഒമാൻ സംഘം സാധനങ്ങൾ വിതരണം ചെയ്തത്. ഇതോടൊപ്പം ആരോഗ്യ സേവനവും ഒമാൻ സംഘം ലഭ്യമാക്കിയിരുന്നു. റോയൽ ആശുപത്രിയിലെ ആരോഗ്യ വിദഗ്ദ്ധൻ ഉൾപ്പെട്ട സന്നദ്ധ സേവകരാണ് സാന്ത്വനവുമായി ബംഗ്ലാദേശിൽ എത്തിയത്.
ദി അസോസിയേഷൻ ഫോർ ഹ്യൂമാനിറ്റേറിയൻ ആക്ഷൻ എന്ന സ്വദേശി കൂട്ടായ്മയാണ് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിൽ അഭയാർത്ഥികളിലേക്ക് ആശ്വാസവുമായി കടന്നുചെല്ലുമെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
അഭയാർത്‍ഥികളിൽ ഭൂരിപക്ഷം പേർക്കും ആരോഗ്യ പരിശോധന നടത്തിയതായും തുടർ ചികിത്സയും മരുന്നും അത്യാവശ്യമാണെന്നും ഒമാനി സംഘത്തിലുണ്ടായിരുന്ന ഡോ. റാഷിദ് സൈഫ് അൽ റുബാഇ പറഞ്ഞു. നേരത്തെ, സിറിയ, യെമൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആഭ്യന്തര സംഘർഷങ്ങളിലും സൈനിക ആക്രമണങ്ങളിലും പരിക്കേറ്റവരിലേക്കും താമസ സ്ഥലം ഉൾപ്പടെയുള്ളവ നഷ്ടപ്പെട്ടവർക്കും ഒമാനി സന്നദ്ധ സംഘടനകളുടെനേതൃത്വത്തിൽ സഹായങ്ങൾഎത്തിച്ചു നൽകിയിരുന്നു.