ഖത്തർ ബ്രിട്ടണിൽ നിന്ന് 24 ടൈഫൂൺ യുദ്ധ വിമാനങ്ങൾ വാങ്ങുന്നു

ദോഹ: സൈനിക, സാങ്കേകിത മേഖലകളിൽ ഖത്തറും ബ്രിട്ടണും തമ്മിലുള്ള സഹകരണവും പിന്തുണയും വർദ്ധിപ്പിക്കാൻ ധാരണ . ഇതു സംബന്ധിച്ച ‘ലെറ്റർ ഓഫ് ഇന്റെന്റിൽ’ ഖത്തർ പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയയും യു.കെ ഡിഫൻസ് സെക്രട്ടറി മൈക്കൽ ഫാലനും ഒപ്പുവച്ചു.
സൈനിക സഹകരണത്തിന്റെ ഭാഗമായി ബ്രിട്ടണിൽ നിന്ന് ഖത്തർ 24 ടൈഫൂൺ യുദ്ധവിമാനങ്ങൾ വാങ്ങും. ഖത്തർ പ്രതിരോധ മന്ത്രാലയത്തിലെ മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. സൈനിക മേഖലയിൽ ഖത്തറുമായുള്ള സഹകരണം ശക്തമാക്കുന്നതിനെ മൈക്കൽ ഫാലൻ സ്വാഗതം ചെയ്തു.
ഭീകരവാദത്തെ നേരിടുന്നതിനുള്ള പോരാട്ടത്തിലെ പരസ്പര സഹകരണത്തെക്കുറിച്ച് ഇരുവരും ചർച്ചചെയ്തു. ഖത്തറുമായി യു.കെ ഒപ്പുവയ്ക്കുന്ന പ്രധാനപ്പെട്ട പ്രതിരോധ കരാറാണിതെന്ന് മൈക്കൽ ഫാലൻ പറഞ്ഞു. ബ്രിട്ടീഷ് റോയൽ വ്യോമസേനയുടെ കുന്തമുനകളിൽ ഒന്നായ ടൈഫൂൺ വിമാനം ഇതിനകം ലോകത്തെ എട്ടുരാജ്യങ്ങൾ വാങ്ങിയിട്ടുണ്ട്.