ദുബൈ ടാക്സി 50 പുതിയ ടെസ്‌ല വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കി

ദുബൈ: സെൽഫ് ഡ്രൈവിംങ് സംവിധാനത്തിന്റെ ഘടകങ്ങൾ ഉൾക്കൊള്ളുന്ന അന്പത് പുതിയ ടെസ്‌ല ഇലക്ട്രിക് വാഹനങ്ങൾ കൂടി ദുബൈ ടാക്സി കോർപ്പറേഷൻ നിത്തിലിറക്കി. ഡ്രൈവറില്ലാ വാഹനങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് പടിപടിയായി എത്തുന്നതിന്റെ ഭാഗമായാണ് പ്രത്യേക സാങ്കേതിക വിദ്യകൾ ഉൾപ്പെടുന്ന സംവിധാനങ്ങളുമായി പുതിയ വാഹന വ്യൂഹം ദുബൈ ടാക്സി ർപ്പറേഷൻ നിരത്തിലെത്തിച്ചിരിക്കുന്നത്.
ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനിൽ മൂന്നിൽ നടന്ന ചടങ്ങിൽ വെച്ച് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡണ്ടും ദുബൈ എയർപോട്സ് ചെയർമാനും എമിറേറ്റ്സ് എയർ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവും ദുബൈ എനർജി സുപ്രീം കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പുതിയ വാഹനങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്തർ അൽ തായർ, ദുബൈ എയർപോർട്സ് സി.ഇ.ഒ പോൾ ഗ്രിഫിത്ത്സ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ടെസ്‌ലയെ പ്രതിനിധീകരിച്ച് പീറ്റർ ബാർഡൻഫ്ലെത്താണ് പങ്കെടുത്തത്.
ദുബൈയിയെ ലോകത്തിലെ ഏറ്റവും മികച്ച സ്മാർട് നഗരമായി മാറ്റുകയെന്ന യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശാനുസരണമുള്ള നടപടികളാണ് ദുബൈ ടാക്സി കോർപ്പറേഷൻ സ്വീകരിക്കുന്നത്. സുസ്ഥിര വികസനത്തിന് ഹരിത സാന്പത്തിക വ്യവസ്ഥ, 2030 ആകുന്നതോടെ ദുബൈയിലെ യാത്രകളിൽ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങൾ വഴിയാക്കുകയെന്ന ദുബൈ സ്മാർട് ഓട്ടോണമസ് മൊബിലിറ്റി സ്ട്രാറ്റജി തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമായാണു നടപടി.