ഖത്തറിലെ അൽറുവായിസ് തുറമുഖത്ത് ആദ്യ കൂറ്റൻ ബാർജെത്തി

ദോഹ: അൽ റുവായിസ് തുറമുഖത്ത് 14,700 ടൺ നിർമാണ സാമഗ്രികളുമായി ആദ്യ ബാർജ് എത്തി. തുറമുഖത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്നു പോർട്സ് മാനേജ്മെന്റ് കമ്പനി അറിയിച്ചു. അസ് കുൺമിംങ് എന്ന 114 മീറ്റർ നീളവും 31 മീറ്റർ വീതിയുമുള്ള കൂറ്റൻ ബാർജാണ് തുറമുഖത്ത് അടുത്തത്. നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഗാബ്രോയാണ് ആദ്യ ലോഡിലുണ്ടായിരുന്നത്.
ബാർജിനെ പോർട്ടിലെ ടോവിങ് ബോട്ടായ വിക്ടോറിയ ഉപയോഗിച്ചു വിജയകരമായി ടഗ് ചെയ്ത് അടുപ്പിച്ചു. 30 മീറ്ററിലധികം നീളമുള്ളതാണ് വിക്ടോറിയ ടഗ്. അൽ റുവായിസ് തുറമുഖ വികസനത്തിനുള്ള പദ്ധതികൾ ഗതാഗത, വാർത്താ വിനിമയ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. കൂടുതൽ ചരക്കു കപ്പലുകൾ കൂടി ഇവിടേക്ക് എത്തും.
രാജ്യത്തിന്റെ വടക്കു ഭാഗത്തെ സാന്പത്തിക വ്യവസായ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനു തുറമുഖം തുണയാകുമെന്നാണു പ്രതീക്ഷ.