ശാസ്ത്രലോകത്തിനാഭിമാന നേട്ടമായി ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ

കാലിഫോർണിയ : ശാസ്ത്രലോകത്തിനാഭിമാന നേട്ടമായി നാസയുടെ ജൂണോ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. നാലു വർഷവും 10 മാസവും 29 ദിവസവുംകൊണ്ട് 290 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ജൂണോ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അടുത്തെത്തെത്തിയത്. 20 മാസംവരെ പേടകം വ്യാഴത്തെ ഭ്രമണം ചെയ്യും. അതിനു ശേഷം വ്യാഴത്തിന്റെ ഉപരിതലത്തിലേക്കു പതിക്കും. വ്യാഴത്തിന്റെ ശക്‌തമായ ഗുരുത്വാകർഷണം അതിജീവിച്ചാണ് പേടകം ഭ്രമണപഥത്തിലേക്കു മാറിയത്.
ഗ്രീക്ക് ദേവതയായ ജൂണോ യുടെ പേരാണ് പേടകത്തിനു നൽകിയിരിക്കുന്നത്. ഗ്രീക്ക് ഇതിഹാസത്തിൽ ജൂപ്പിറ്ററിന്റെ ഭാര്യയാണ് ജൂണോ.
2011 ഓഗസ്റ്റ് അഞ്ചിനാണു ഫ്ളോറിഡയിൽ നിന്നു ജുണോ വിക്ഷേപിച്ചത്. 1600 കിലോഗ്രാം ഭാരമുള്ള ജൂണോ ശബ്ദത്തിന്റെ 215 ഇരട്ടി വേഗത്തിലാണു സഞ്ചരിച്ചിരുന്നത്. വ്യാഴത്തിനരികെ എത്തുമ്പോൾ വേഗം മണിക്കൂറിൽ രണ്ടു ലക്ഷത്തി അറുപത്തിആറായിരം കിലോമീറ്റർ എത്തിച്ചിരുന്നു.
വ്യാഴത്തിന്റെ ജനനത്തെക്കുറിച്ചറിയുക എന്നതാണ് ജൂണോയുടെ ലക്ഷ്യം. 67 സ്വാഭാവിക ഉപഗ്രഹങ്ങളാണ് വ്യാഴത്തിനെ വലംവയ്ക്കുന്നത്.