ഒമാനിൽ കനത്ത മഴ: രണ്ടു മരണം


ഒമാനിൽ കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന വാദിയിൽ അകപ്പെട്ട സംഘത്തിലെ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. തെക്കൻ ശർവിയ ഗവർണറേറ്റിലെ ജഅലൻ ബാനി ബു അലി വിലായത്തിലെ വാദി അൽ ബത്തയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്നു വാഹനങ്ങളിലായി എട്ടുപേരായിരുന്നു വാദിയിൽ അകപ്പെട്ടിരുന്നത്. ഇതിൽ ആറുപേരെ സംഭവസമയത്തുതന്നെ രക്ഷിച്ചിരുന്നു. മറ്റുള്ളവർക്കു വേണ്ടി നടത്തിയ തിരച്ചിലിനിടെയാണ് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തുന്നത്.       

തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് തിരച്ചിൽ നടത്തിയത്. അതേസമയം, രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ചവരെ മഴ തുടരുമെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ജീവനക്കാരൻ അറിയിച്ചിരിക്കുന്നത്. പാറകൾ ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.      

രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. പലയിടത്തും ശക്തമായ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ പെയ്തത്. ചിലയിടങ്ങളിൽ ആലിപ്പഴവും വർഷിച്ചു. തെക്ക്, വടക്ക് ശർഖിയ, വടക്ക്, തെക്ക് ബാത്തിന, ദാഹിറ, ദാഖിലിയ, മസ്‌കത്ത് തുടങ്ങിയ ഗവർണറേറ്റുകളിലെ വിവിധ സ്ഥലങ്ങളിലാണ് വ്യത്യസ്ത തോതിലുള്ള മഴ ലഭിച്ചത്.         

വാദികൾ പലയിടത്തും നിറഞ്ഞൊഴുകുകയാണ്. ഖാബൂറ വിലായത്തിലെ വാദി അൽ സർമി, വാദി ഷഫാൻ, ഖുറിയാത്ത് വിലായത്തിലെ വാദി അബായ, അൽ ഖാബിൽ വിലായത്തിലെ വാദി അൽ ഖറാഅ, സമൈൽ വിലായത്തിലെ വാദി മുഹറം, അൽ അവാബിയിലെ ബാനി ഖറൂസ്, റുസ്താഖിലെ വാദി ബാനി ഔഫ്, വാദി ബാനി ഗാഫിർ, വാദി അൽ സഹ്താൻ, സൂർ വിലായത്തിലെ വാദി തിവി, സൂർ ലെ വിലായത്തിലെ വാദി തിവി, സുഹാറിലെ വാദി അൽ ജിസ്സി എന്നിവയാണ് കവിഞ്ഞൊഴുകുന്നത്. വാദി അൽ ജിസ്സിയിലെ അൽ അർജ, ഖുറിയ്യാത്ത് വിലായത്തിലെ അൽ സൂഖ്, റുസ്താഖിലെ വാദി ബാനി ഗാഫിർ, ഖാബൂറയിലെ അൽ സഖിയാത്ത്, വാദി അൽ ഹവാസ്‌നെഹ്, ജബൽ അഖ്ദർ, സുഹാറിലെ വാദി അൽ−ഹൽതി, നിസ്വ, ഇസ്കി, ഇബ്രി എന്നീ സ്ഥലങ്ങളിലാണ് കനത്ത ആലിപ്പഴവും ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടത്. മിന്നലേറ്റ് തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ−കാമിൽ വൽ വാഫിയി വിലായത്തിലെ വൈദ്യുതിത്തൂണിന് തീപിടിച്ചു. ചില വീടുകൾക്കും നിരവധി മരങ്ങൾക്കും മിന്നലേറ്റതായി റിപ്പോർട്ടുണ്ട്. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ചുകടക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

article-image

jhghj

You might also like

  • Lulu Exchange
  • Straight Forward

Most Viewed