അറബ് ലോകത്തെ മികച്ച പാസ്പോർട്ടുകളുടെ പട്ടികയിൽ ഒമാൻ നാലാം സ്ഥാനത്ത്

മസ്കത്ത്: അറബ് ലോകത്തെ മികച്ച പാസ്പോർട്ടുകളുടെ പട്ടികയിൽ ഒമാന് നാലാം സ്ഥാനം. ആഗോള കൺസൽട്ടിംഗ് സ്ഥാപനമായ നൊമാഡ് കാപിറ്റലിസ്റ്റിന്‍റെ പാസ്‌പോർട്ട് സൂചിക റിപ്പോർട്ട് പ്രകാരമാണിത്. യു.എ.ഇയാണ് സൂചികയിൽ ഗൾഫ് മേഖലയിൽ ഒന്നാമത്.
ഗൾഫ് മേഖലയിൽ കുവൈത്തും ഖത്തറും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഉള്ളത്. അന്താരാഷ്ട്ര തലത്തിൽ യു.എ.ഇ പാസ്പോർട്ടിന് 38ാം സ്ഥാനവും കുവൈത്തിന് 97ാം സ്ഥാനവും ഖത്തറിന് 98ാം സ്ഥാനവുമാണുള്ളത്. നാലാമതുള്ള ഒമാന്‍റെ ആഗോള തലത്തിലെ സ്ഥാനം 103 ആണ്. ബഹറൈൻ 105ാം സ്ഥാനത്തുമുണ്ട്.
വിസ രഹിത യാത്ര, അന്താരാഷ്ട്ര ടാക്സ് നിയമങ്ങൾ, ഇരട്ട പൗരത്വം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ അല്ലെങ്കിൽ ഓൺലൈൻ വിസ ഉപയോഗിച്ച് 96 രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. 199 രാഷ്ട്രങ്ങളെയാണ് പാസ്പോർട്ട് സൂചികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലക്സംബർഗ് പാസ്പോർട്ടാണ് ഇതിൽ ഒന്നാമത്. സ്വീഡൻ, അയർലൻറ്, സ്വിറ്റ്സർലൻറ്, ബെൽജിയം എന്നിവയുടെ അടുത്ത സ്ഥാനങ്ങളിലുണ്ട്. ഇറാഖി പാസ്പോർട്ടിന് നൂറിൽ 23 പോയിൻറാണ് ഉള്ളത്.