നിക്ഷേപ വഴിയിൽ വൻ മുന്നേറ്റത്തിനൊരുങ്ങി യു.എ.ഇയും ഇസ്രായേലും

ദുബൈ: നിക്ഷേപ വഴിയിൽ വൻ മുന്നേറ്റത്തിനൊരുങ്ങി യു.എ.ഇയും ഇസ്രായേലും. ഇസ്രയേലിൽ 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്താൻ യുഎഇ തീരുമാനിച്ചു. യു.എ.ഇയിൽ കൂടുതൽ മുതൽമുടക്കിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്ന് ഇസ്രായേലും അറിയിച്ചു. ഇസ്രായേലിൽ ഊർജം, നിർമാണം, ജലം, ബഹിരാകാശം, ആരോഗ്യം, കൃഷി, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലായിരിക്കും യു.എ.ഇ നിക്ഷേപം. ഇരു രാജ്യങ്ങൾ തമ്മിലുള്ള സാന്പത്തിക സഹകരണം വിപുലപ്പെടുത്താൻ നിക്ഷേപക നിധിയും സഹായകമാകും.
സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നാണ് നിക്ഷേപക നിധിയിലേക്ക് തുക സ്വരൂപിക്കുക. അബൂദബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ കഴിഞ്ഞ ദിവസം ടെലിഫോണിൽ ചർച്ച നടത്തുകയും ചെയ്തു. നെതന്യാഹുവിന്‍റെ യുഎഇ സന്ദർശനം നീട്ടിവെച്ച സാഹചര്യത്തിലാണ് ടെലിഫോൺ സംഭാഷണം. ഇസ്രയേലുമായി കഴിഞ്ഞ വർഷമാണ് യു.എ.ഇ സമാധാന കരാറിൽ ഒപ്പുവെച്ചത്.