നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കാൻ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കണമെന്ന് ഒമാൻ ഭരണാധികാരി

ഒമാൻ ഭരണാധികാരിയായ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ അധ്യക്ഷതയിൽ സുഹാറിലെ കൊട്ടാരത്തിൽ മന്ത്രിസഭാ കൗൺസിൽ യോഗം നടന്നു. അന്തർദേശീയവും ദേശീയവുമായ വിവിധ വിഷയങ്ങളും സുൽത്താൻ യോഗത്തിൽ വിലയിരുത്തി.
സർക്കാർ കൈകൊള്ളുന്ന വികസന പദ്ധതികളെ സുൽത്താൻ യോഗത്തിൽ പ്രകീർത്തിച്ചു. കൂടുതൽ നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കുന്നതിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിലും വികസ പദ്ധതികൾക്ക് പ്രാധാന്യമേറെയാണ്. ദേശീയ കർമപദ്ധതിയുടെ എല്ലാ തലങ്ങളിലും സ്വകാര്യ മേഖലയും സർക്കാരുമായുള്ള പങ്കാളിത്തം വർധിപ്പിക്കേണ്ടതുണ്ടെന്നും സുൽത്താൻ പറഞ്ഞു. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ദേശീയ റിക്രൂട്ട്മെന്റ് കേന്ദ്രം ആരംഭിക്കണം. സർക്കാരും സ്വകാര്യ മേഖലയുമായുള്ള വിവിധ തലങ്ങളിലെ പങ്കാളിത്തത്തിലൂടെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന രീതിയിലാകണം കേന്ദ്രത്തിന്റെ പ്രവർത്തനമെന്നും സുൽത്താൻ പറഞ്ഞു. സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ സുൽത്താൻ അഭിനന്ദിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള പൗരന്മാർക്ക് അടിസ്ഥാന സാമൂഹിക സേവനങ്ങൾ ലഭ്യമാക്കുന്നതിലും വരുമാന വർദ്ധനവിന് കൈകൊള്ളുന്ന നടപടികളിലും സുൽത്താൻ യോഗത്തിൽ തൃപ്തി രേഖപ്പെടുത്തി.