പലിശ കുറയും: ആർ.ബി.ഐ നിരക്ക് കുറച്ചു

ന്യുഡൽഹി: റിപ്പോ നിരക്കുകൾ കുറച്ച് ആർ.ബി.ഐ പുതിയ വായ്പാന നയം പ്രഖ്യാപിച്ചു. വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാലവായ്പയുടെ പലിശയാണ് റിപ്പോ നിരക്ക് 0.25 ശതമാനം കുറവുവരുത്തി. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനത്തിലെത്തി. ബാങ്കുകൾ ആർ.ബി.ഐയിൽ സൂക്ഷിക്കുന്ന പണത്തിനുള്ള പലിശയാ റിവേഴ്സ് റിപ്പോയിലും കാൽശതമാനം കുറവ് വരുത്തി ആറ് ശതമാനമാക്കി. ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനം പുറത്തുവിട്ടത്.
പണപ്പെരുപ്പം വൻ തോതിൽ കുറഞ്ഞതിനാൽ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ സാന്പത്തിക വിദഗ്ധർ വിലയിരുത്തിയിരുന്നു. അമേരിക്കയിൽ കേന്ദ്ര ബാങ്ക് നിരക്ക് കൂട്ടുന്നതിന്റെ വേഗം കുറയ്ക്കുമെന്ന പ്രതീക്ഷയും തീരുമാനത്തെ സ്വാധീനിച്ചു. ഇതിനുമുന്പ് ഒക്ടോബറിലെ നയ അവലോകനത്തിൽ നിരക്കിൽ മാറ്റംവരുത്തിയിരുന്നില്ല. പണപ്പെരുപ്പം ഡിസംബറിൽ 2.2 ശതമാനമായാണ് കുറഞ്ഞത്. ഒന്നര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
നിരക്കവലോകന യോഗത്തിൽ തൽസ്ഥിതി തുടരുമെന്നായിരുന്നു സാന്പത്തിക ലോകം കരുതിയിരുന്നത്. എന്നാൽ, നിരക്ക് കുറച്ച് ആർ.ബി.ഐ പുതിയ വായ്പാ നയം പ്രഖ്യാപിക്കുകയായിരുന്നു. നിരുക്കുകളിൽ കുറവ് വരുത്തിയതോടെ വാഹന, ഭവന വായ്പാ നിരക്കുകളിലും കുറവ് വരും. ആർ.ബി.ഐയുടെ ഇടക്കാല ലക്ഷ്യം നാലുശതമാനത്തിലെത്തിക്കുകയായിരുന്നു. അതിനേക്കാൽ താഴ്ന്നതും നിരക്ക് കുറയ്ക്കലിന് പ്രേരണയായി.