കഞ്ചിക്കോട് പെയിന്റ് കമ്പനിയിൽ തീപിടിത്തം

പാലക്കാട്: കഞ്ചിക്കോട് വ്യവസായമേഖലയിലെ ടിന്നർ നിർമാണ കമ്പനിയിൽ വൻ തീപിടുത്തം. 12 മണിയോടെ ഉണ്ടായ തീ പരിസരത്തേക്കു വ്യാപിപ്പിക്കാതിരിക്കാൻ അഗ്നിരക്ഷാസേന ശ്രമിക്കുന്നു. നിലവിൽ അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളാണ് സംഭവ സ്ഥലത്തുള്ളത്. ടിന്നറുകൾ ലോറിയിൽ കയറ്റുന്നതിനിടെയായിരുന്നു തീപിടുത്തം.
കമ്പനിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു. സമീപത്തെ അരി മില്ലിലേക്ക് തീ പടരുകയാണ്. വെള്ളം ഒഴിച്ച് തീ കെടുത്താൻ ശ്രമിക്കുമ്പോഴും തീയുടെ കാഠിന്യം കുറയുന്നില്ലെന്ന് അഗ്നിസുരക്ഷാ സേന അറിയിച്ചു. തീ പടരുവാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിലവിൽ സമീപത്തെ കാട്ടിലേക്കും തീ പടരാനുള്ള സാദ്ധ്യതയുള്ളതിനാൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
സംഭവത്തിൽ ജീവനക്കാരി എലപ്പുളളി സ്വദേശി അപർണയ്ക്കും രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കും പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക കണക്കനുസരിച്ച് ഒന്നരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. കമ്പനിയുടെ ഗോഡൗണിൽ ആറുമാസം മുൻപ് തീപിടിച്ചിരുന്നു.