മസ്‌ക്കറ്റ് വിമാനത്താവളത്തിലെ പുതിയ ടെർമിനൽ മാർച്ച് 20ന് തുറക്കും
മസ്‌ക്കറ്റ് : മസ്‌ക്കറ്റ് രാജ്യാന്തര വിമാന ത്താവളത്തിന്റെ പുതിയ ടെർമിനൽ മാർച്ച് 20 മുതൽ യാത്ര ക്കാർക്കായി തുറന്നുകൊടുക്കുമെന്ന് ഗതാഗത വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചു. ബജറ്റ് എയർലൈനുകൾ ഉൾപ്പെടെ പുതിയ വിമാനത്താവളത്തിൽ നിന്നാകും സർവ്വീസ് നടത്തുക. പുതിയ ടെർമിനലിന്റെ ഭാഗമായുള്ള റൺവെ രണ്ട് വർഷം മുന്പുതന്നെ തുറന്നിരുന്നു.
ഉദ്ഘാടനത്തിന് മുന്നോടിയായി ട്രയൽ പൂർത്തിയാക്കും. 75 ശതമാനം ട്രയൽ വിജകരമായി പൂർത്തിയാക്കിയതായും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അൽ സാബി വ്യക്തമാക്കിയിരുന്നു. 11 ട്രയലുകൾ കൂടി ബാക്കിയുണ്ട്.
25,000 പേർ ഇതിനോടകം വിവിധ ട്രയലുകളിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ട്രയലുകൾ പൂർത്തിയാക്കും. തൊഴിലാളികൾക്കുള്ള പരിശീലനം ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. പരീക്ഷണ പറക്കലും കഴിഞ്ഞ വർഷം അവസാനത്തോടെ വിജയകരമായി നടന്നിരുന്നു. അതേസമയം നിലവിലെ വിമാനത്താവളം ബജറ്റ് വിമാനങ്ങൾക്ക് മാത്രമായി പരിമിധപ്പെടുത്താനും പദ്ധതിയുണ്ട്.
