സൗദിയിൽ പുതിയ വൈദ്യുതി ബിൽ ഇരുപത് ദിവസത്തിന് ശേഷം
റിയാദ് : പുതിയ നിരക്ക് അടങ്ങിയ വൈദ്യുതി ബില്ലുകൾ ഇരുപത് ദിവസത്തിനുശേഷം ഇഷ്യു ചെയ്യുമെന്ന് റിപ്പോർട്ട്. സൗദി ഇലക്ട്രിസിറ്റി കന്പനി മുഴുവൻ ഉപയോക്താക്കൾക്കും ഇ− ബില്ലുകൾ ഇഷ്യു ചെയ്യുന്നത് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇഷ്യു ചെയ്ത ചില ബില്ലുകളിൽ പുതിയ നിരക്കുകൾ കണക്കാക്കിയിട്ടില്ല. പഴയ നിരക്കിലാണ് ബില്ലുകൾ ഇഷ്യു ചെയ്തത്. നേരത്തെ എടുത്ത റീഡിംഗ് പ്രകാരമുള്ള ബില്ലുകളായതിനാലാണ് ഈ ബില്ലുകളിൽ പുതിയ നിരക്കുകൾ കണക്കാക്കാത്തത്. പുതിയ ബില്ലുകളിൽ അഞ്ചു ശതമാനം വാറ്റും ഉൾപ്പെടുത്തും.
പേപ്പർ ബില്ലുകൾ ഇഷ്യു ചെയ്യുന്നതിന് കന്പനിക്ക് പ്രതിമാസം ഒരു കോടി റിയാൽ ചെലവ് വന്നിരുന്നു. ഇ− ബില്ലുകളാക്കി മാറ്റിയതോടെ ഈ ചെലവ് ഇല്ലാതായി. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം ആറായിരം യൂണിറ്റു വരെയുള്ള ഉപയോഗത്തിന് ഓരോ യൂണിറ്റിനും 18 ഹലാലയാണ് പുതിയ നിരക്ക്. ആറായിരം യൂണിറ്റിനു മുകളിലുള്ള ഓരോ യൂനിറ്റിനും 30 ഹലാല വീതം നൽകേണ്ടിവരും.
വാണിജ്യ സ്ഥാപനങ്ങൾക്ക് ആറായിരം യൂണിറ്റ് വരെ യൂണിറ്റിന് 20 ഹലാലയും ആറായിരം യൂണിറ്റിൽ കൂടുതലുള്ള യൂണിറ്റിന് 30 ഹലാലയുമാണ് പുതിയ നിരക്ക്. കാർഷിക മേഖലയും സന്നദ്ധ സംഘടനകളും ആറായിരം യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് യൂണിറ്റിന് 16 ഹലാലയും അതിനു മുകളിലുള്ള ഉപഭോഗത്തിന് യൂണിറ്റിന് 20 ഹലാലയുമാണ് നൽകേണ്ടത്.
