സൗദി അറേബ്യയിൽ വേതന സുരക്ഷാ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക്
റിയാദ് : സൗദിയിൽ വേതന സുരക്ഷാ പദ്ധതിയുടെ മൂന്നാംഘട്ടം ആരംഭിച്ചു. 30 മുതൽ 39 ജീവനക്കാർ വരെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഇതോടെ പദ്ധതിക്ക് കീഴിൽ വരും. 4.75 ലക്ഷത്തോളം തൊഴിലാളികൾക്ക് പുതുതായി പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വേതന സുരക്ഷാ പദ്ധതിയുടെ 13−ാം ഘട്ടമാണ് പ്രാബല്യത്തിൽ വന്നത്. 30 മുതൽ 39 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഇതോടെ പദ്ധതിക്ക് കീഴിൽ വരുമെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു.
14,000ഓളം സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 4,77,400 തൊഴിലാളികൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഘട്ടം ഘട്ടമായി എല്ലാ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബൽ ഖൈൽ പറഞ്ഞു. തൊഴിലാളികൾക്ക് കൃത്യ സമയത്ത് കരാർ പ്രകാരമുള്ള ശന്പളം ബാങ്ക് വഴി ലഭിക്കും എന്നതാണ് പദ്ധതിയുടെ പ്രധാനപ്പെട്ട സവിശേഷത. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഇരുവർക്കും ഇടയിലുള്ള തർക്കങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാനും ഇതുമൂലം സാധിക്കും എന്നാണു പ്രതീക്ഷ.
കൃത്യമായി ശന്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് 3000 റിയാൽ വരെ പിഴ ചുമത്തും. കൂടാതെ വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുകയും പുതുക്കുകയും ചെയ്യുന്നത് ഒഴികെയുള്ള സർക്കാർ സേവനങ്ങൾ നിർത്തി വെക്കുകയും ചെയ്യും. ശന്പളം നൽകാൻ മൂന്ന്‍ മാസം വൈകിയാൽ സ്ഥാപനത്തിനുള്ള എല്ലാ സർക്കാർ സേവനങ്ങളും നിർത്തി വെക്കും. കൂടാതെ ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സ്ഥാപനത്തിന്‍റെ അനുമതി ഇല്ലാതെ തന്നെ വേറെ ജോലി കണ്ടെത്തി സ്പോൺസർഷിപ്പ് മാറുകയും ചെയ്യാം. വർക്ക് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞ തൊഴിലാളികൾക്കും ഈ ആനുകൂല്യം ലഭിക്കും.
