എഴുത്തിന്റെ ലോകത്തെ സൈക്കോളജിസ്റ്റ് : അഞ്ജു മിനേഷ്
വായനയുടെ ലോകത്തേക്ക് കടന്നവർക്കെല്ലാം അറിയാം. എഴുത്തുക്കാർ വാക്കിനും വരിക്കും ഇടയിൽ വലിയ ആഴങ്ങളെ ഒളിപ്പിച്ച് വെയ്ക്കുന്നുണ്ടെന്നും, വായിക്കുന്നവർക്ക് പറക്കാൻ ആകാശങ്ങൾ നൽകുന്നുണ്ടെന്നും.
കുട്ടിക്കാലം തൊട്ടേ ആഴങ്ങളും, പരപ്പുകളും നിറഞ്ഞ എഴുത്തിന്റെ മാന്ത്രികതയെ തൊട്ടറിഞ്ഞ അഞ്ജു മിനേഷ് ജീവിതത്തിൽ പിന്നെ തിരഞ്ഞത് മനസ്സിന്റെ കയറ്റങ്ങളും ഇറക്കങ്ങളുമാണ്. ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിൽ സൈക്കേളജി അധ്യാപികയായ അഞ്ജു മിനേഷിന്റെ ജീവിത്തോട് ചേർത്ത് തുന്നിയ താളുകൾ ഓരോന്നും വ്യത്യസ്തത നിറഞ്ഞ തലക്കെട്ടുകൾ കൊണ്ട് സമ്പന്നമാണ്. മികച്ച അധ്യാപികയായും , നാടക രചയിതാവായും , എഴുത്തുകാരിയായും .കൗൺസിലറായും , തുടങ്ങി തനിക്കു ലഭിച്ച എല്ലാ മേഖലകളിലും അവർ കഴിവ് തെളിയിച്ചു.
2010 ൽ ആണ് അഞ്ജു സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്നത്.
എന്നാൽ മലയാള ഭാഷയോട് തോന്നിയ അഭിനിവേശം പിന്നെ എം.എ സൈക്കോളജി ഡിസർട്ടേഷനായി എം.ടി യുടെ കഥാപാത്രങ്ങളുടെ മനശാസ്ത്രത്തെ തിരഞ്ഞെടുക്കാൻ പ്രചോദനമായത്. പിന്നീട് അവയെ കുറിച്ചുള്ള എഴുത്തകൾ എം.ടി ക്ക് അയച്ചു കൊടുക്കുകയും, മലയാളത്തിന്രെ പ്രിയ എഴുത്തുക്കാരനിൽ നിന്നും മികച്ച പ്രതികരണവും ലഭിച്ചിട്ടുണ്ട്.
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയെങ്കിലും എഴുത്തുകാരിയാവുക എന്ന വലിയ സ്വപ്നത്തിന് വഴിയൊരുക്കാൻ ആദ്യം തിരഞ്ഞെടുത്തത് പത്രപ്രവർത്തനമാണ്. തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്ന് ജേർണലിസം പഠിച്ചിറങ്ങി വൈഗ ഓൺലൈൻ ന്യൂസ്, മംഗളം, റിപ്പോർട്ടർ മാധ്യമ സ്ഥാപനങ്ങളിൽ ജോലി നോക്കിയിട്ടുണ്ട്. എഴുത്തിന്റെ മേഖലകൾ തുറന്ന് കിട്ടുന്പോളെല്ലാം തുറന്നടിച്ച് എഴുതുകയും, അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 100 ഡെയ്സ് സ്റ്റോറി റീഡിംഗ് ചലഞ്ച് ഏറ്റെടുത്ത് 100 ദിനങ്ങൾ, 100 എഴുത്തുകാരുടെ 2 കഥകൾ വീതം 200 കഥകൾ വായിച്ചു തീർത്തിട്ടുണ്ട്. ജീവിതം എപ്പോഴും ക്രിയാത്മകമാക്കി കൊണ്ടേ ഇരിക്കുക എന്ന വലിയ പാഠം സ്വജീവിതം കൊണ്ട് പറയാനാണ് അഞ്ജുവിന് ഇഷ്ടം. വായനയിലൂടെയും, എഴുത്തിലൂടെയും, തന്റെ തൊഴിലൂടെയും ജീവിതത്തിന്രെ അകപൊരുളുകൾ തേടി കൊണ്ടേ ഇരിക്കണം എപ്പോഴും എന്ന് തന്നെയാണ് അഞ്ജുവിന്റെ നിലപാടുകൾ.
2016 ൽ ബഹ്റൈനിൽ എത്തിയ അഞ്ജും ഇവിടത്തെ കലാ സാഹിത്യ മേഖലകളിലും സജീവ സാന്നിധ്യമാണ്. ജിസിസി റേഡിയോ ഡ്രാമ ഫെസ്റ്റിവലിൽ ഭർത്താവ് മിനേഷിന്റെ സംവിധാനത്തിൽ അരങ്ങേറിയ ദേജാ വു എന്ന നാടകത്തിന്രെ സ് ക്രിപ്റ്റ് രചിച്ചത് അഞ്ജുവായിരുന്നു. ആ നാടകത്തിനായിരുന്നു മികച്ച ഡയറക്ടറുക്കുള്ള ആ വർഷത്തെ അവാർഡ് ലഭിച്ചതും. സ്പെഷ്യൽ സ്കൂളിൽ സൈക്കോ തെറാപ്പിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.
സൈബർ ആക്ടിവിസ്റ്റ് കൂടിയായ മിനേഷ് ഇൻസ് ട്രുമെന്റേഷൻ എഞ്ചിനീയറാണ്. മക്കൾ ഗോവർധൻ, മൃണാളിനി.എറണാകുളം ജില്ലയിലെ ആലങ്ങാടാണ് സ്വദേശം.

