വിപ്ലവ കവി ഗദ്ദർ അന്തരിച്ചു
വിപ്ലവ കവിയും മുൻ നക്സലൈറ്റുമായ ഗദ്ദർ (ഗുമ്മുഡി വിറ്റൽ റാവു-77) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചു. മൂന്ന് സിനിമകൾക്കുവേണ്ടി അദ്ദേഹം പാട്ട് എഴുതിയിട്ടുണ്ട്. 1980-കളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) അംഗമായ ഗദ്ദർ, സംഘടനയുടെ സാംസ്കാരിക വിഭാഗമായ ജനനാട്യ മണ്ഡലിയുടെ സ്ഥാപകനായിരുന്നു. മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി നക്സലൈറ്റ് പ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിച്ച ഗദ്ദർ 2017 ൽ മാവോയിസത്തോട് വിടപറഞ്ഞു. പിന്നീട് തെലുങ്കാന രൂപീകരണ പ്രസ്ഥാനത്തിന്‍റെ മുന്നിൽനിന്നു പ്രവർത്തിച്ചു.
പാർലമെന്‍ററി രാഷ്ട്രീയത്തിന്‍റെ വിമർശകനായിരുന്ന ഗദ്ദർ ആദ്യമായി 2018 ൽ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. വിപ്ലവപ്രസ്ഥാനങ്ങളുമായി വഴിപിരിഞ്ഞ ശേഷമായിരുന്നു ഇത്. കഴിഞ്ഞ മാസം ഗദ്ദർ പ്രജാ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഞ്ച് ദിവസം മുൻപ് രാഹുൽ ഗാന്ധിയെ കാണുകയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മതേതര പാർട്ടികൾക്കവേണ്ടി പ്രവർത്തിക്കുമെന്നും പറഞ്ഞിരുന്നു. സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതിനു ശേഷവും സാംസ്കാരിക രംഗത്ത് അദ്ദേഹം സജീവമായിരുന്നു.
adsadsadsas

