മതപരിവർത്തന നിരോധന നിയമത്തിലെ ആദ്യ കേസ്: ഹിന്ദു യുവതിയെ വിവാഹം ചെയ്ത യുവാവിന് മുംബൈ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
ഷീബ വിജയൻ
മുംബൈ: മഹാരാഷ്ട്രയിൽ പുതുതായി നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ പ്രതിയായ മുസ്‌ലിം യുവാവിന് മുംബൈ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഹിന്ദു യുവതിയെ നിർബന്ധിച്ച് മതംമാറ്റിയെന്ന യുവതിയുടെ അമ്മയുടെ പരാതിയിലായിരുന്നു കേസ്.
നവംബർ 20-ന് ദിൻഡോഷി സെഷൻസ് കോടതി ജഡ്ജി പി.എ. സാനെയാണ് ജാമ്യം അനുവദിച്ചത്. വിവാഹ ക്ഷണക്കത്തും ബുർഖ ധരിച്ച യുവതിയുടെ ചിത്രവുമാണ് മതംമാറ്റത്തിന് തെളിവായി പരാതിക്കാരി ഹാജരാക്കിയത്. എന്നാൽ, ഇരുവരും ഒക്ടോബർ 16-ന് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. മതപരമായ നിക്കാഹ് നടന്നതിന് തെളിവുകളില്ല.
പ്രായപൂർത്തിയായ താൻ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് യുവതി കോടതിയിൽ നേരിട്ട് ഹാജരായി വ്യക്തമാക്കി. ക്ഷണക്കത്തിൽ മുസ്‌ലിം പേര് ചേർത്തതുകൊണ്ടോ ബുർഖ ധരിച്ച ചിത്രമുള്ളതുകൊണ്ടോ മതംമാറ്റം സ്ഥിരീകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. കോവിഡ് കാലം മുതൽ പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹത്തിൽ നിർബന്ധിത മതപരിവർത്തനത്തിനുള്ള തെളിവുകളില്ലെന്ന് വിലയിരുത്തിയ കോടതി, 50,000 രൂപയുടെ വ്യക്തിഗത ജാമ്യത്തിൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.
dfewdeweqw


