ബഹ്റൈനിലെ തെരുവുകളും പാർക്കുകളും മുഖംമിനുക്കുന്നു; മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ തെരുവുകളിലും റൗണ്ട് എബൗട്ടുകളിലും പൊതുപാർക്കുകളിലും ഒരേ നിരയിൽ കാണപ്പെടുന്ന ഒരേ ഇനം മരങ്ങൾക്ക് പകരം, വ്യത്യസ്ത ഇനങ്ങളും വലുപ്പവും ഉയരവുമുള്ള മരങ്ങൾ നട്ടുപിടിപ്പിക്കാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നു. നോർത്തേൺ മുനിസിപ്പൽ കൗൺസിലിലാണ് ഇതുസംബന്ധിച്ച പുതിയ നിർബന്ധിത മാനദണ്ഡങ്ങൾ അവതരിപ്പിച്ചത്.
ബഹ്റൈനിലെ റോഡുകളും ഹരിതമേഖലകളും വിലയിരുത്തിയ ശേഷം എൻജിനീയറിംഗ് സ്ഥാപനമായ എസ്.ഡബ്ല്യു.എയുമായി (SWA) ചേർന്നാണ് പുതിയ മാർഗ്ഗരേഖ തയ്യാറാക്കിയതെന്ന് മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയത്തിലെ എൻജിനീയർ ശാദ കുവൈത്താൻ അറിയിച്ചു. ഒരേ ഇനം മരങ്ങൾ നേർരേഖയിൽ നടുന്നത്, അമിതമായി വെട്ടിയൊതുക്കുന്നത്, അനുയോജ്യമല്ലാത്ത ഇനങ്ങൾ ഇടകലർത്തുന്നത്, കാര്യക്ഷമമല്ലാത്ത ജലസേചനം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റോഡുകൾ, റൗണ്ട് എബൗട്ടുകൾ, പാർക്കുകൾ, തുറസ്സായ സ്ഥലങ്ങൾ തുടങ്ങി ഏഴ് വിഭാഗങ്ങളിലായി തദ്ദേശീയ മരങ്ങൾക്കും ബഹ്റൈൻ നഴ്സറികൾക്കും ഓരോ ഇനത്തിനും അനുയോജ്യമായ ജലസേചനത്തിനും മാർഗ്ഗരേഖ മുൻഗണന നൽകുന്നു. പ്രധാന റോഡുകളിൽ കുറഞ്ഞ പരിപാലനം മാത്രം ആവശ്യമുള്ള കരുത്തുറ്റ തദ്ദേശീയ മരങ്ങളും, ഇടറോഡുകളിൽ തണലും കാൽനടയാത്രാ സൗകര്യവും നൽകുന്ന മരങ്ങളുമാണ് നടുക. റൗണ്ട് എബൗട്ടുകളിൽ വൈവിധ്യമാർന്ന ലാൻഡ്സ്കേപ്പിംഗും പാർക്കുകളിൽ വിവിധ വലുപ്പത്തിലുള്ള മരങ്ങളും ഉണ്ടാകും.
അംഗീകൃത പട്ടികയിൽ നോർത്തേൺ മേഖലയ്ക്കായി 32 ഇനം മരങ്ങളും സതേൺ ഗവർണറേറ്റിനായി ഒമ്പത് ഇനങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആര്യവേപ്പ്, പേരാൽ, മുരിങ്ങ, ഈന്തപ്പന, ഗാഫ് (Ghaf) എന്നിവ ഇതിൽപ്പെടുന്നു. നിലവിലുള്ളതും ഭാവിയിൽ വരുന്നതുമായ എല്ലാ പദ്ധതികൾക്കും ഈ മാർഗ്ഗരേഖ ബാധകമായിരിക്കും.
കനത്ത മഴയ്ക്ക് ശേഷം ഹമദ് ടൗണിലെ ഷെയ്ഖ് ഹമദ് അവന്യൂവിലെ ആര്യവേപ്പ് മരങ്ങൾ നശിച്ചതും സമീപത്തെ ഈന്തപ്പനകൾ അതിജീവിച്ചതും കൗൺസിലർ അബ്ദുള്ള മുബാറക് ബെലാൽ ചൂണ്ടിക്കാട്ടി. മണ്ണ് പരിശോധന നിർബന്ധമാക്കണമെന്നും കീടനിയന്ത്രണം മെച്ചപ്പെടുത്തണമെന്നും കാഴ്ചമറയാതിരിക്കാൻ റൗണ്ട് എബൗട്ടുകളിൽ ചെറിയ ചെടികൾ നടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷത്തെ മഴയ്ക്ക് ശേഷം ഭൂഗർഭജല നിരപ്പും ഉപ്പിന്റെ അളവും കൂടിയതിനെ തുടർന്ന് മരങ്ങൾ നശിക്കുന്നതിനെക്കുറിച്ച് ബഹ്റൈൻ സർവ്വകലാശാലയുമായി ചേർന്ന് സംയുക്ത പഠനം നടത്തുന്നുണ്ടെന്ന് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സാദിഖ് ജാഫർ അൽ സിത്രി അറിയിച്ചു. സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയുമായി ചേർന്ന് സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തെ മരങ്ങൾ മാപ്പ് ചെയ്യാനും നമ്പറിടാനും പദ്ധതിയുണ്ട്. ആവശ്യത്തിന് ജലസേചന സൗകര്യം ഉറപ്പാക്കാതെ പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
dadasadsads


