ബഹ്റൈൻ-ജിസിസി വ്യാപാരം 2.14 ബില്യൺ ഡോളറിലെത്തി; യുഎഇയുമായുള്ള വ്യാപാരത്തിൽ 17% വളർച്ച
പ്രദീപ് പുറവങ്കര
മനാമ: 2026-ലെ മൂന്നാം പാദത്തിൽ ബഹ്റൈൻ ചേംബർ 26,251 ഉപഭോക്തൃ സേവന ഇടപാടുകൾ പൂർത്തിയാക്കിയതായി ത്രൈമാസ റിപ്പോർട്ട്. ചേംബറിലെ അംഗത്വ കണക്കുകളും സേവനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക അധ്യായം ആദ്യമായാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം ചേംബറിലെ ആകെ അംഗങ്ങളുടെ എണ്ണം 38,733 ആയി ഉയർന്നു. ഇതിൽ 24,677 കമ്പനി അംഗത്വങ്ങളും 14,056 ഏക ഉടമസ്ഥാവകാശ സ്ഥാപനങ്ങളുമാണ് ഉള്ളത്. ആകെ സേവനങ്ങളിൽ 13,165 എണ്ണം അംഗത്വ സേവനങ്ങളും 11,482 എണ്ണം അറ്റസ്റ്റേഷൻ സേവനങ്ങളുമാണ്.
മൂന്നാം പാദത്തിൽ ബഹ്റൈനും ജിസിസി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 2.14 ബില്യൺ ഡോളറിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് ഇതിൽ ഒരു ശതമാനത്തിന്റെ നേരിയ കുറവുണ്ടായിട്ടുണ്ട്. 1.01 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരവുമായി സൗദി അറേബ്യ തന്നെയാണ് ജിസിസി രാജ്യങ്ങളിൽ ബഹ്റൈന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 874 ദശലക്ഷം ഡോളറുമായി യുഎഇ രണ്ടാം സ്ഥാനത്താണ്. ജിസിസി രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന വ്യാപാര വളർച്ച രേഖപ്പെടുത്തിയത് യുഎഇയാണ് (17%).
പ്രാദേശിക സാമ്പത്തിക മേഖലയിലും മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോയിന്റ്-ഓഫ്-സെയിൽ (POS) ഇടപാടുകൾ 8 ശതമാനം വർദ്ധിച്ച് ഏകദേശം 1.4 ബില്യൺ ബഹ്റൈൻ ദിനാറിലെത്തി. ഫൗറി പ്ലസ് (Fawri+) വഴിയുള്ള പണമിടപാടുകൾ 15 ശതമാനം ഉയർന്ന് ഏകദേശം 2.8 ബില്യൺ ദിനാറായി. ആഗോളതലത്തിൽ സെപ്റ്റംബറിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104.32 ഡോളറിലെത്തി; 2025 സെപ്റ്റംബറിനെ അപേക്ഷിച്ച് 49 ശതമാനം വർദ്ധനവാണിത്.
xzcxzcxsd


