മാലിന്യ നിർമ്മാർജ്ജന നിയമം പരിഷ്കരിക്കാൻ ബഹ്‌റൈൻ; അംഗീകൃത ഏജൻസികളുമായി കരാർ നിർബന്ധമാക്കിയേക്കും
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും സ്വന്തം നിലയിൽ മാലിന്യം തരംതിരിക്കുകയും, അത് ശേഖരിക്കുന്നതിനായി അംഗീകൃത ഏജൻസികളെ നിയമിക്കുകയും ചെയ്യേണ്ടിവരും. നോർത്തേൺ മുനിസിപ്പൽ കൗൺസിലിൽ അവതരിപ്പിച്ച പുതിയ നിർദ്ദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. അതേസമയം, സാധാരണ വീടുകളിൽ മാലിന്യം തരംതിരിക്കേണ്ടതില്ലെന്നും അധിക ഫീസുകൾ ഈടാക്കില്ലെന്നും മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയത്തിലെ പബ്ലിക് ക്ലീൻലിനസ് ഡയറക്ടർ എൻജിനീയർ അമ്മാർ യാസർ അലി അബ്ദുൾകരീം വ്യക്തമാക്കി.
മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലേക്ക് (ലാൻഡ്‌ഫില്ലുകൾ) എത്തുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനായി വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിൽ ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിക്കുന്നത് ഘട്ടംഘട്ടമായി നിർബന്ധമാക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്. 2019-ലെ പബ്ലിക് ക്ലീൻലിനസ് നിയമം (നമ്പർ 10) അവലോകനം ചെയ്തതിനെ തുടർന്നാണ് ഈ നീക്കം. നിലവിലെ നിയമത്തിൽ നിർബന്ധിത മാലിന്യ വേർതിരിക്കൽ, റീസൈക്ലിംഗ് ലക്ഷ്യങ്ങൾ, നിർമ്മാണ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള കൃത്യമായ ചട്ടങ്ങൾ എന്നിവയുടെ അഭാവമുണ്ടെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു.
ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് മാലിന്യത്തിന്റെ ഭാരത്തിനനുസരിച്ച് ഫീസ് ഈടാക്കുന്ന യുഎഇയിലെയും, ലൈസൻസ് പുതുക്കുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്ത മാലിന്യ നിർമ്മാർജ്ജന കമ്പനികളുമായി കരാർ നിർബന്ധമാക്കിയ സൗദി അറേബ്യയിലെയും മാതൃകകൾ അബ്ദുൾകരീം ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മാലിന്യ ശേഖരണ ബാഗുകൾ ലഭിക്കാൻ താമസക്കാർ മൂന്നാഴ്ചയിലധികം കാത്തിരിക്കേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടി കൗൺസിലർ അബ്ദുള്ള അബ്ദുൽഹമീദ് അഷൂർ മന്ത്രാലയത്തിന്റെ തയ്യാറെടുപ്പുകളെ ചോദ്യം ചെയ്തു. എന്നാൽ ബാഗുകൾ ലഭ്യമാണെന്നും ശേഖരണ കരാറുകൾ നിലവിലുണ്ടെന്നും അബ്ദുൾകരീം മറുപടി നൽകി. പുതിയ നീക്കത്തെ സ്വാഗതം ചെയ്ത ഡെപ്യൂട്ടി ചെയർവുമൺ സൈന ജാസിം അലി, നിലവിലുള്ള ചട്ടങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന രീതിയിലാകണം ഭേദഗതികളെന്ന് അഭിപ്രായപ്പെട്ടു.
റീസൈക്ലിംഗിന് മുൻഗണന നൽകിക്കൊണ്ടുള്ള സമഗ്രമായ അവലോകനമാണ് നടക്കുന്നതെന്നും, മാലിന്യ വേർതിരിക്കലിനെക്കുറിച്ച് താമസക്കാർക്കും വിദ്യാർത്ഥികൾക്കും അവബോധം നൽകുന്നതിനായി ആലി (A’ali) ഹൗസിംഗ് ഏരിയയിൽ പുതിയ സുസ്ഥിരതാ കേന്ദ്രം ആരംഭിച്ചിട്ടുണ്ടെന്നും അബ്ദുൾകരീം അറിയിച്ചു. കൗൺസിൽ ഈ നിർദ്ദേശങ്ങൾ ഫിനാൻഷ്യൽ ആൻഡ് ലീഗൽ കമ്മിറ്റിക്ക് വിടുകയും അംഗങ്ങളിൽ നിന്ന് രേഖാമൂലമുള്ള അഭിപ്രായങ്ങൾ ശേഖരിക്കുകയും ചെയ്യും.
dfvfvdfsdfs


