ഇന്ന് വിവാഹം നാളെ വിവാഹമോചനം എന്ന പാശ്ചാത്യ സമ്പ്രദായം രാജ്യത്ത് അടിച്ചേൽപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി

ദമ്പതികളിൽ ഒരാൾ മാത്രം ആവശ്യപ്പെടുന്ന പക്ഷം വിവാഹ മോചനം അനുവദിക്കാൻ ഭരണഘടനയുടെ 142ആം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിവാഹ ബന്ധം ഗൗരവമില്ലാത്ത ഒന്നല്ല. ഇന്ന് വിവാഹം നാളെ വിവാഹമോചനം എന്ന പാശ്ചാത്യ സമ്പ്രദായം രാജ്യത്ത് അടിച്ചേൽപ്പിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് ശ്രീനിവാസ് ഓക്ക എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെതാണ് പരാമർശം.
വിവാഹ മോചനം അനുവദിക്കണമെന്ന ഭർത്താവിന്റെ ഹർജിയിലാണ് കോടതിയുടെ പ്രതികരണം. വിവാഹ ബന്ധം സംരക്ഷിക്കണമെന്ന ഭാര്യയുടെ എതിർപ്പ് തള്ളിയാണ് ഭർത്താവ് ഹർജി നൽകിയത്. വിവാഹത്തിന് ശേഷം 40 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചതെന്നും പിന്നീട് രണ്ട് വർഷത്തോളമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും ഹർജിക്കാരൻ പറഞ്ഞു. എന്നാൽ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താൻ തയ്യാറാണെന്ന് യുവതി കോടതിയെ അറിയിച്ചു. ദമ്പതികൾ ഒരുമിച്ചു ജീവിച്ചത് 40 ദിവസം മാത്രമാണെന്നതിനാൽ പരസ്പരം അറിയാൻ ഈ കാലയളവു മതിയാവില്ലെന്ന് കോടതി പറഞ്ഞു. ഭിന്നതകൾ പറഞ്ഞുതീർക്കാൻ രണ്ടു പേരും ഗൗരവപൂർണമായ ശ്രമം നടത്തണം. ഒരുമിച്ചു ജീവിക്കാനാവുമോയെന്ന കാര്യത്തിൽ പുനപ്പരിശോധന നടത്താൻ ദമ്പതികളോട് കോടതി ആവശ്യപ്പെട്ടു. ഇരുകക്ഷികളും അംഗീകരിക്കുകയോ വിവാഹ ബന്ധം പരിഹരിക്കാനാവാത്ത വിധം തകരുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് വിവാഹ മോചനം അനുവദിക്കാനാവുക. ബന്ധം മുന്നോട്ടുകൊണ്ടുപോവാനാവുമെന്ന് ഒരു കക്ഷി പ്രതീക്ഷ വയ്ക്കുമ്പോൾ അതു ചെയ്യാനാവില്ലെന്നും കോടതി പറഞ്ഞു.
ryd