രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചർ സർവീസുകൾ പുനരാരംഭിച്ചു


കോവിഡിനെ തുടർന്ന് നിർത്തിവെച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചർ സർവീസുകൾ പുനരാരംഭിച്ചു. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യയ്‌ക്കും ബംഗ്ലാദേശിനും ഇടയിലുള്ള പാസഞ്ചർ ട്രെയിൻ സർവീസ് വീണ്ടും ആരംഭിച്ചത്. കൊൽക്കത്തയ്ക്കും ഖുൽനയ്ക്കുമിടയിൽ സർവീസ് നടത്തുന്ന ബന്ധൻ എക്സ്പ്രസും കൊൽക്കത്തയ്ക്കും ധാക്കയ്ക്കുമിടയിൽ സർവീസ് നടത്തുന്ന മൈത്രി എക്സ്പ്രസും ആദ്യ ദിവസം സർവീസ് നടത്തും. ബന്ധൻ എക്സ്പ്രസ് ആഴ്ചയിൽ രണ്ട് ദിവസവും മൈത്രി എക്സ്പ്രസ് ആഴ്ചയിൽ അഞ്ച് ദിവസവുമാകും സർവീസ് നടത്തുക. 450 ഓളം യാത്രക്കാർക്ക് യാത്ര ചെയ്യാവുന്ന ട്രെയിനുകൾക്ക് ശീതീകരിച്ച ചെയർ കാർ, എക്‌സിക്യൂട്ടീവ് ക്ലാസ് വിഭാഗങ്ങളുണ്ട്. 

ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിൽ ഇരു രാജ്യങ്ങളുടെയും അതിർത്തിയിലെ യാത്രക്കാർ ആവേശഭരിതരാണെന്ന് കിഴക്കൻ റെയിൽവെ വക്താവ് ഏകലവ്യ ചക്രവർത്തി പറഞ്ഞു. 'മെച്ചപ്പെട്ട സൗകര്യവും കുറഞ്ഞ ചിലവും സൗകര്യപ്രദമായ സമയ ഷെഡ്യൂളുമുള്ളതിനാൽ യാത്രികർ ബസിനെക്കാളും വിമാനത്തെക്കാളും കൂടുതൽ ട്രെയിൻ യാത്രയെ ഇഷ്ടപ്പെടുന്നു' അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാരത്തിനും ആരോഗ്യ ആവശ്യങ്ങൾക്കുമായാണ് പ്രധാനമായും ബംഗ്ലാദേശിൽ നിന്നുള്ള യാത്രക്കാർ ഇന്ത്യയിലേക്ക് വരുന്നതെന്നും ഏകലവ്യ കൂട്ടിച്ചേർത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed