ആധാർ വിവരങ്ങൾ കൈമാറരുത്; നൽകേണ്ടത് മാസ്ക് ചെയ്ത കോപ്പി; മുന്നറിയിപ്പുമായി കേന്ദ്രം


ആധാര്‍ വിവരങ്ങള്‍ ഒരു സ്ഥാപനത്തിനും കെമാറരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറുന്നത് വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന് കാരണമാവുമെന്ന് കേന്ദ്ര ഐടി മന്ത്രാലയം പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.പകരം മാസ്‌ക് ചെയ്ത ആധാര്‍ കോപ്പി മാത്രം പങ്കുവെക്കാനാണ് നിര്‍ദ്ദേശം. മെയ് 27 നാണ് കേന്ദ്രം ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.UIDAI ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ആധാര്‍ വിവരങ്ങള്‍ കൈമാറേണ്ടതുള്ളൂയെന്നും പത്രകുറിപ്പില്‍ പറയുന്നു. ഹോട്ടലുകള്‍, സിനിമാ തിയറ്ററുകള്‍ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ പാടില്ല. ഇത് 2016 ലെ ആധാര്‍ ആക്ട് പ്രകാരം നിയമവിരുദ്ധമാണ്. 

ഇനി ഒരു സ്വകാര്യ സ്ഥാപനം ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇവര്‍ക്ക് UIDIA ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പു വരുത്തണം. വിവരങ്ങള്‍ പുറത്താവാതിരിക്കാന്‍ കാർഡിലെ അവസാന നാലക്കം മാത്രം കാണുന്ന മാസ്‌ക് ചെയ്ത ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പിയാണ് നല്‍കേണ്ടത്. ഇത് UIDAI വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇ ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പൊതു കമ്പ്യൂട്ടറുകളുള്ള കഫേകളും മറ്റും ഉപയോഗിക്കരുതെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഇനി ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുകയാണെങ്കില്‍ ഇ ആധാര്‍ കോപ്പികള്‍ ഈ കമ്പ്യൂട്ടറില്‍ നിന്നും തിരിച്ചെടുക്കാന്‍ പറ്റാത്ത വിധം ഡിലീറ്റ് ചെയ്യാനും കേന്ദ്ര നിര്‍ദ്ദേശമുണ്ട്. 

You might also like

Most Viewed