പഞ്ചാബിൽ മുൻ എംഎൽഎമാർക്ക് ഇനി ഒറ്റ പെൻഷൻ മാത്രം
പഞ്ചാബിൽ മുൻ എംഎൽഎമാർക്ക് ഇനി മുതൽ ഒരു പെൻഷൻ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ. എംഎൽഎമാർ ജയിച്ചത് രണ്ട് തവണയാണെങ്കിലും പത്ത് തവണയാണെങ്കിലും ഇനി മുതൽ പെൻഷൻ ഒരു തവണമാത്രമേ ലഭിക്കുകയുള്ളുവെന്ന് വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. എംഎൽഎമാരുടെ ഫാമിലി അലവൻസ് കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നും നാലും അഞ്ചും തവണ മത്സരിച്ച് ജയിച്ച ശേഷം പിന്നീടു വന്ന തെരഞ്ഞെടുപ്പിൽ തോൽക്കുകയും തുടർന്നുള്ള തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്ത പല മുൻ നിയമസഭാംഗങ്ങൾക്കും ലക്ഷങ്ങളാണ് മാസം പെൻഷൻ ലഭിക്കുന്നതെന്ന് ഭഗവന്ത് സിംഗ് വ്യക്തമാക്കി. ചില മുൻ എംഎൽഎമാർക്ക് മാസം 3.50 ലക്ഷം രൂപയും മറ്റു ചിലർക്ക് 4.50 ലക്ഷം രൂപയും വേറെ ചിലർക്ക് 5.25 ലക്ഷം രൂപയും പെൻഷൻ ലഭിക്കുന്നുണ്ട്. ഇത് സർക്കാർ ഖജനാവിന് ബാധ്യതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു എംഎൽഎയുടെ ആദ്യ ടേം പൂർത്തിയാകുമ്പോൾ 75,150 രൂപയാണ് മാസം പെൻഷൻ നൽകുന്നത്. തുടർന്നുള്ള ഓരോ ടേമിനും 50,100 രൂപ വീതം പെൻഷൻ ലഭിക്കും. നിശ്ചിത പ്രായം കഴിയുമ്പോൾ അഞ്ച് മുതൽ പത്ത് ശതമാനം വരെ വർധിപ്പിക്കുകയും ചെയ്യും. കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ പർഗത് സിംഗ് ആം ആദ്മി സർക്കാരിന്‍റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി. സർക്കാരിന്‍റെ തീരുമാനം പഞ്ചാബിന്‍റെ സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

