വിദേശത്തുനിന്ന് ആന്ധ്രയിൽ എത്തിയ മുപ്പതോളം യാത്രികർക്കായി ഊർജ്ജിത തെരച്ചിൽ

വിശാഖപട്ടണം: വിദേശത്തുനിന്ന് ആന്ധ്രയിൽ എത്തിയ ശേഷം കാണാതായ മുപ്പതോളം യാത്രികർക്കായി ഊർജിത തെരച്ചിൽ. കഴിഞ്ഞ പത്തു ദിവസത്തിനകം അറുപതോളം പേരാണ് വിദേശ രാജ്യങ്ങൾ സന്ദർശിച്ച ശേഷം ആന്ധ്രപ്രദേശിലെ വിവിധ വിമാനത്താവളങ്ങളിൽ ഇറങ്ങിയത്. ഇതിൽ മുപ്പതു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഒമിക്രോൺ മുന്നറിയിപ്പിന്‍റെ പശ്ചാലത്തലത്തിൽ ഇവരെ കണ്ടെത്തി ആർടിപിസിആർ ടെസ്റ്റ് നടത്തി ഒമിക്രോൺ ബാധിതരല്ലെന്ന് ഉറപ്പാക്കാനാണ് ഇവർക്കായി തെരച്ചിൽ നടത്തുന്നത്. കണ്ടെത്താനുള്ളവരിൽ ഒന്‍പതു പേർ ആഫ്രിക്കയിൽനിന്നു വന്നവരാണ്. എത്തിയവരിൽ മുപ്പതുപേർ വിശാഖപട്ടത്തു തന്നെയാണ് തങ്ങിയിട്ടുള്ളതെന്നു കണ്ടെത്തി.
അതേസമയം, ബാക്കി മുപ്പതു പേർ വിവിധ പ്രദേശങ്ങളിലേക്കു പോയി എന്നാണ് റിപ്പോർട്ട്. ഇവരിൽ ചിലർ ടെലിഫോൺ വിളികളോടും പ്രതികരിക്കുന്നില്ല. ഇവർക്കായിട്ടാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. വിശാഖപട്ടണം ജില്ലാ അധികൃതർ വിവിധ കളക്ടർമാർക്കും മറ്റും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ രാജ്യത്തുവന്നിറങ്ങിയ വിദേശ യാത്രികരെ ഉടന്‍ കണ്ടെത്തണമെന്നാണ് നിർദേശം. കണ്ടെത്താനുള്ളവരിൽ മൂന്നു പേർ ദക്ഷിണാഫ്രിക്കയിൽനിന്നു വന്നവരാണ്. ആറു പേർ ബോട്‌സ്വാനയിൽനിന്നു വന്നവരും. ഇവരൊക്കെ ഇവരുടെ സ്വദേശ ഗ്രാമങ്ങളിലേക്കു പോയതായാണ് കരുതുന്നത്. ഇവരെല്ലാം തന്നെ ആർടി പിസിആർ ടെസ്റ്റ് എടുത്തിട്ടുണ്ടാകാമെങ്കിലും ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അവരെ ഒമിക്രോൺ ടെസ്റ്റിനു കൂടി വിധേയരാക്കി സന്പൂർണ സുരക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നു വിശാഖപട്ടണം ജോയിന്‍റ് കളക്ടർ അരുണ്‍ ബാബു മാധ്യമങ്ങളോടു പറഞ്ഞു.