ബംഗളൂരുവിൽ കുട്ടികൾക്കിടയിൽ കോവിഡ് വ്യാപന തോത് കൂടുന്നു


ബംഗളൂരു: ആറു ദിവസത്തിനിടയിൽ‍ ബംഗളൂരുവിൽ‍ മൂന്നുറിലധികം കുട്ടികൾ‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു. 19 വയസിൽ‍ താഴെയുള്ള കുട്ടികൾ‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കർണാടകയിൽ ഇതുവരെ കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ‍ ഏറ്റവും ഉയർ‍ന്ന കണക്കാണിത്. ഇതോടെ അതീവ ജാഗ്രതയിലാണ് ബംഗളൂരു. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പുറത്തുവിട്ട കണക്കുകൾ‍ പ്രകാരം ആഗസ്ത് 5നും 10നും ഇടയിൽ‍ പത്തു വയസിൽ‍ താഴെയുള്ള 127 കുട്ടികൾ‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 നും 19 നും ഇടയിൽ പ്രായമുള്ള 174 കുട്ടികളും കഴിഞ്ഞ ആറു ദിവസത്തിനിടയിൽ‍ കോവിഡ് ബാധിച്ചു. കോവിഡ് ബാധിച്ച കുട്ടികളുടെ എണ്ണം കണക്കിലെടുത്ത്, പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും കേസുകൾ ഉയരുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. 

മൂന്നാം തരംഗത്തിൽ‍ കുട്ടികൾ‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ‍ മുന്നറിയിപ്പ് നൽ‍കിയിരുന്നു. കുട്ടികൾ‍ക്ക് വാക്സിന്‍ നൽ‍കാത്ത സാഹചര്യത്തിലാണിത്. എങ്കിലും മുതിർന്നവരുമായി താരതമ്യപ്പെടുത്തുന്പോൾ മൂന്നാം തരംഗം കുട്ടികളെ കൂടുതൽ അപകടത്തിലാക്കില്ലെന്നും ചില പഠനങ്ങൾ‍ പറയുന്നു. ബംഗളൂരു നഗരത്തിൽ‍ 144 ഏർ‍പ്പെടുത്തിയിട്ടുണ്ട്. 9 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾ‍ക്കുള്ള ക്ലാസുകൾ‍ തുടങ്ങുന്നതിന്‍റെ ഭാഗമായി ആഗസ്ത് 23 മുതൽ‍ സ്കൂളുകൾ‍ തുറക്കാനും സർ‍ക്കാർ‍ തീരുമാനിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed