ആശുപത്രിയിൽവെച്ച് 70കാരിക്ക് നേരെ ക്രൂര ബലാത്സംഗം

ദേങ്കനാൽ: ഒഡീഷയിലെ േദങ്കനാൽ ജില്ലാ ആശുപത്രിയിൽവെച്ച് 70കാരിക്ക് നേരെ ക്രൂര ബലാത്സംഗം. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. അസുഖം ബാധിച്ച കൊച്ചുമകളെയും കൊണ്ട് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വൃദ്ധയാണ് ബലാത്സംഗത്തിനിരയായത്. മാതാപിതാക്കൾ ഇല്ലാത്തതിനാൽ മുത്തശ്ശിയാണ് കുട്ടിക്കൊപ്പം മൂന്നുദിവസമായി ആശുപത്രിയിൽ നിന്നിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് ചായ മേടിക്കാൻ ആശുപത്രിക്ക് മുന്പിലെ കടയിലെത്തിയ വൃദ്ധയെ മൂന്നുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. അവിടെനിന്ന് വൃദ്ധയെ വലിച്ചിഴച്ചുെകാണ്ടുപോയി നിർമാണം നടന്നുകൊണ്ടിരിക്കുന്ന ആശുപത്രി കെട്ടിടത്തിൽവെച്ച് ബലാത്സംഗം ചെയ്തു. ആക്രമണത്തിന് ശേഷം വൃദ്ധയെ അവിടെ ഉപേക്ഷിച്ച് മൂന്നുപേരും രക്ഷപ്പെടുകയും ചെയ്തു.
അവശനിലയിലായ വൃദ്ധ തപ്പിത്തടഞ്ഞ് ആശുപത്രിയുടെ പ്രധാന കവാടത്തിലെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രി അധികൃതർ വൃദ്ധക്ക് അടിയന്തര ചികിത്സ നൽകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയിലെ കരാർ ജീവനക്കാരനായ ഒരാളും ചായക്കടയിലെ ജോലിക്കാരനും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ജീവനക്കാർ ആരെങ്കിലും ആക്രമണത്തിൽ പ്രതിയാണെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി.