ശ്രീലങ്കയിൽ നടന്ന മനുഷ്യാവകാശലംഘനങ്ങൾ; ഇന്ത്യയുടെ നടപടി തമിഴ് ജനതയോടയുള്ള വഞ്ചനയാണെന്നു പി. ചിദംബംരം
ന്യൂഡൽഹി: ആഭ്യന്തരയുദ്ധകാലത്ത് ശ്രീലങ്കയിൽ നടന്ന മനുഷ്യാവകാശലംഘനങ്ങളിൽ അന്വേഷണം വേണമെന്ന യുഎൻ പ്രമേയത്തിൽനിന്നു വിട്ടുനിന്ന ഇന്ത്യയുടെ നടപടി തമിഴ് ജനതയോടയുള്ള വഞ്ചനയാണെന്നു കോൺഗ്രസ് നേതാവ് പി. ചിദംബംരം. തമിഴ്‌വംശജരുടെ വികാരങ്ങളെ ബലികഴിച്ച എഐഎഡിഎംകെ− ബിജെപി സഖ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
2008−2009 കാലത്തെആഭ്യന്തരയുദ്ധത്തിനിടെ ലങ്കയിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു ബാഹ്യ ഏജൻസി സ്വതന്ത്രമായി അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിൽ അമേരിക്ക പ്രമേയം അവതരിപ്പിച്ചിരുന്നു. ഇന്ത്യ ഇതിൽനിന്നു വിട്ടുനിന്നതാണു ചിദംബരത്തിന്‍റെ ആരോപണത്തിന് അടിസ്ഥാനം. ഇന്ത്യയുടെ നടപടി തമിഴ്ജനതയോടുള്ള വഞ്ചനയാണെന്നു പറഞ്ഞ പി.ചിദംബരം, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. തമിഴ് ജനതയെ ആകെ ചതിക്കുകയായിരുന്നു ഇതിലൂടെ. ഇന്ത്യൻ പ്രതിനിധിയോടു വിട്ടുനിൽക്കാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ മന്ത്രി രാജിവച്ചൊഴിയണം−ചിദംബരം പറഞ്ഞു. മുൻകാലങ്ങളിൽ തമിഴ്നാട്ടിൽനിന്നുള്ള രാഷ്‌ട്രീയകക്ഷികളുടെ സമ്മർദ്ദത്തിന്‍റെ അടിസ്ഥാനത്തിൽ നിലപാടെടുത്തിരുന്ന ഇന്ത്യ ഇത്തവണ ശ്രീലങ്കയുടെ ആഭ്യന്തരകാര്യമാണെന്ന ന്യായം ചൂണ്ടിക്കാട്ടിയാണു വോട്ടിംഗിൽനിന്നു വിട്ടുനിന്നത്.

