കമൽഹാസന്റെ നിർമ്മാണ കന്പനിയിൽ ആദായ നികുതി വകുപ്പ് റെയ്ഡ്
ചെന്നൈ: കമൽഹാസന്റെ നിർമ്മാണ കന്പനിയിൽ ആദായ നികുതി വകുപ്പ് പരിശോധന. മക്കൾ നീതി മയ്യം ട്രഷറർ ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന് എട്ട് കോടി രൂപ കണ്ടെടുത്ത സാഹചര്യത്തിലാണ് പരിശോധന. ഇന്നലെ രാത്രിയോടെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കമലഹാസന്റെ നിർമ്മാണ കന്പനിയിൽ റെയ്ഡ് നടത്തിയത്.
കമൽഹാസന്റെ അടുത്ത അനുയായി കൂടിയാണ് മക്കൾ നീതി മയ്യം ട്രഷറർ എ. ചന്ദ്രശേഖരൻ. ഇദ്ദേഹത്തിന്റെ വീടുകളിലും മധുരയിലും തിരുപ്പൂരിലുമുള്ള ഓഫീസുകളിലും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. എട്ട് കോടിയോളം രൂപയാണ് അന്ന് കണ്ടെത്തിയത്. തന്റെ നിർമ്മാണ കന്പനിയിൽ പരിശോധന നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം പ്രതികരിക്കുമെന്ന് കമൽഹാസൻ പറഞ്ഞു. മക്കൾ നീതി മയ്യത്തെ പ്രതിനിധീകരിച്ച് ഈ തിരഞ്ഞെടുപ്പിൽ കമൽഹാസൻ മത്സരിക്കുന്നുണ്ട്. കോയന്പത്തൂർ സൗത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ആദായനികുതി വകുപ്പ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 400 കോടി രൂപയോളം പിടിച്ചെടുത്തിരുന്നു. വൻ തോതിലുള്ള പണമിടപാടുകളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയതെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു.

