അനധികൃതമായി കടത്താൻ ശ്രമിച്ച അഞ്ച് കോടിയുടെ മയിൽപീലി പിടിച്ചെടുത്തു
ന്യൂഡൽഹി: അനധികൃതമായി കടത്താൻ ശ്രമിച്ച മയിൽപീലികൾ ഡൽഹിയിൽ കസ്റ്റംസ് പിടികൂടി. ചൈനയിലേക്ക് കണ്ടെയ്‌നറിൽ കടത്താൻ ശ്രമിച്ച 21 ലക്ഷത്തോളം മയിൽ പീലികളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. 2565 കിലോഗ്രാം ഭാരമുള്ള പിവിസി പൈപ്പുകളാണ് ഇവയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. തുഗ്ലബാദിലെ ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോയിൽവച്ചാണ് കസ്റ്റംസിന്റെ പരിശോധനയിൽ മയിൽ പീലികൾ കണ്ടെത്തിയത്. മരുന്ന് നിർമ്മാണത്തിനായാണ് ഇവ കടത്തുന്നതെന്നാണ് സൂചന. പിടിച്ചെടുത്ത മയിൽപീലികൾക്ക് ഏകദേശം 5.25 കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനിയുടെ പേരിലാണ് ഇവ എത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷത്തിന് ഉത്തരവിട്ടു. പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

