അഫ്ഗാൻ വനിതാ സൈനികർക്ക് പരിശീലനം ഒരുക്കി ഇന്ത്യൻ സേന
ന്യൂഡൽഹി: അഫ്ഗാൻ വനിതാ സൈനികർക്ക് പരിശീലനം ഒരുക്കി ഇന്ത്യൻ സേന. ചെന്നൈയിലെ സൈനിക ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലാണ് പരിശീലനം. അഫ്ഗാൻ നാഷണൽ ആർമിയിലെ 20 വനിതാ സൈനികരാണ് പരിശീലനത്തിന് എത്തിയത്. ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും ആശയവിനിമയം, ശാരീരികക്ഷമത, സൈനിക ഭരണം തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം. ആറ് ആഴ്ചയാണ് ഇവരുടെ പരിശീലനം.
അഫ്ഗാനിൽ നിലവിലെ സുരക്ഷാ സൈനികരുടെ ഏകദേശം 1.4 ശതമാനം മാത്രമാണ് വനിതാ പ്രാതിനിധ്യം. ഏതാണ്ട് 4500 ഓളം പേർ മാത്രമാണിത്. ഈ സാഹചര്യത്തിലാണ് സേനാംഗങ്ങൾക്ക് വിദേശ പരിശീലനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആരംഭിച്ചത്.



