ദുബായ്-ടെൽ അവീവ് ഫ്ലൈദുബായ് വിമാന ആക്രമണം: എൻ.ഐ.എ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
ശാരിക
ന്യൂഡൽഹി: ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ ഒമാനി കോ-പൈലറ്റ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഗൂഢാലോചന അന്വേഷിക്കുന്നതിനായി 2016-ലെ ആന്റി-ഹൈജാക്കിംഗ് ആക്ടിലെ സെക്ഷൻ 3, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (യു.എ.പി.എ) പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് എൻ.ഐ.എ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒറ്റയ്ക്കുളള ഭീകരാക്രമണ സാധ്യതകൾ, ഗൂഢാലോചന, തീവ്രവാദ ശൃംഖലകൾ എന്നിവ അന്വേഷിക്കുന്നതിനായി യു.എ.പി.എയുടെ 16, 18, 20 വകുപ്പുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെയുള്ള ആക്രമണ സാധ്യതയും ഗൂഢാലോചന എങ്ങനെയാണ് പദ്ധതിയിട്ടത് എന്നതുൾപ്പെടെയുള്ള വലിയ ഗൂഢാലോചനകൾ അന്വേഷിക്കാൻ എൻ.ഐ.എ ഉദ്ദേശിക്കുന്നതായാണ് റുപ്പോർട്ട്.
ബുധനാഴ്ച ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിൽ വെച്ച് സഹപൈലറ്റിന്റെ കുത്തേറ്റതിനെ തുടർന്ന് വൻ ദുരന്തം ഒഴിവാക്കിയത് ദുബായിലുള്ള ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറാണ്. ഗുരുതരമായി പരിക്കേറ്റിട്ടും ഇന്ത്യൻ പൈലറ്റ് കോക്ക്പിറ്റ് വാതിൽ തുറക്കാൻ സാധിച്ചതിനാൽ യാത്രക്കാർക്കും ജീവനക്കാർക്കും ഇടപെടാൻ സാധിച്ചു. ഒരു ഇന്ത്യൻ പൈലറ്റ് ആക്രമിക്കപ്പെട്ടതിനാൽ സംഭവത്തിൽ അന്വേഷണം നടത്താൻ ഇന്ത്യൻ ഏജൻസികൾക്ക് പൂർണ്ണ അവകാശം നൽകിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഹമാം അൽ-ഹമ്മാമിയാണ് കേസിലെ പ്രധാന പ്രതി.
വിമാന റാഞ്ചൽ ശ്രമത്തിനിടയിൽ ക്യാപ്റ്റൻ മച്ചാർ നേരിട്ട് ആക്രമിക്കപ്പെട്ടിരുന്നു. അതിനാൽ, ഇന്ത്യൻ ഏജൻസികൾക്ക് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്യാനും സൗദി അറേബ്യയുടെയും യുണൈറ്റഡ് അറബ് എമിറേറ്റുകളുടെയും ഔദ്യോഗിക നിയമസഹായം അഭ്യർത്ഥിക്കാനുമുള്ള പൂർണ്ണ നിയമപരമായ അവകാശങ്ങളുണ്ട്.
തീവ്രവാദ ശൃംഖലകളുമായുള്ള ബന്ധം, ഡിജിറ്റൽ വിവരങ്ങൾ, പ്രത്യയശാസ്ത്രപരമായ പ്രേരണകൾ എന്നിവ പ്രതിയുടെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ അതോ വിദേശത്തുള്ള ഭീകര സംഘടനകളുടെ പിന്തുണയോടെയാണോ എന്ന് വ്യക്തമാക്കാനാണിത്. ഔദ്യോഗിക നയതന്ത്ര, അന്താരാഷ്ട്ര പോലീസ് ചാനലുകൾ വഴി വിമാനത്തിലെ കോക്ക്പിറ്റ് വോയ്സ് റെക്കോർഡർ (സി.വി.ആർ), ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്.ഡി.ആർ), പ്രതിയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കാൻ ഏജൻസി ശ്രമിക്കുന്നുണ്ടെന്ന് എൻ.ഐ.എ വൃത്തങ്ങൾ സൂചിപ്പിച്ചു.
േ്േോ്

