'സുപ്രീംകോടതിയിലുള്ള വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ടു'; കോടതിയെ സമീപിച്ച് മടുത്തെന്ന് കപിൽ സിബൽ
ശാരിക
ന്യൂഡൽഹി: സാധാരണക്കാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിരന്തരം സുപ്രീംകോടതിയെ സമീപിച്ചിട്ടും ഫലമില്ലാതെ വന്നതോടെ കോടതിയിലുള്ള വിശ്വാസവും പ്രതീക്ഷയും പൂർണ്ണമായും നഷ്ടപ്പെട്ടെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുളള പ്രതിഷേധങ്ങൾക്കും പ്രത്യേക വോട്ടർപട്ടിക പുതുക്കൽ നടപടികളിലെ ക്രമക്കേടുകൾക്കുമെതിരെ ഡൽഹിയിൽ നടന്ന സമരങ്ങൾക്ക് പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുപ്രീംകോടതിയെ ഇനിയും സമീപിച്ചതുകൊണ്ട് യാതൊരുവിധ പ്രയോജനവുമുണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും, ഇത് തികച്ചും തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സിബൽ കൂട്ടിച്ചേർത്തു.
വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിലെ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം കോടതിയുടെ സമീപനത്തെ കഠിനമായി വിമർശിച്ചു. വോട്ടർമാരുടെ പേരുകൾ നിയമവിരുദ്ധമായ രീതിയിൽ കൂട്ടത്തോടെ വെട്ടിമാറ്റുന്നതും അർഹതയില്ലാത്തവരെ പട്ടികയിൽ കുത്തിനിറയ്ക്കുന്നതും സംബന്ധിച്ച് മാസങ്ങളോളമാണ് സുപ്രീംകോടതിയിൽ വാദമുഖങ്ങൾ അവതരിപ്പിച്ചത്. എന്നാൽ ഇതിലൊന്നും തന്നെ അനുകൂലമായ ഒരു നടപടിയും കോടതിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ബംഗാളിലെ അപ്പലേറ്റ് ട്രൈബ്യൂണലുകൾ പരിഗണിച്ച സമാനമായ അപ്പീലുകളിൽ 93 ശതമാനം കേസുകളിലും വോട്ടർമാരുടെ പേരുകൾ തിരികെ സ്ഥാപിക്കാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. ഇതിലൂടെ വലിയ തോതിൽ അനധികൃതമായി പേരുകൾ ഒഴിവാക്കപ്പെട്ടിരുന്നു എന്നത് വ്യക്തമായതാണ്. പൊതുസമൂഹത്തിന് മുന്നിൽ ഇത്രയധികം തെളിവുകൾ ഉണ്ടായിട്ടും സുപ്രീംകോടതി ഇടപെടാൻ തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു.
കോടതിയെ സമീപിച്ചാൽ പോലും നീതി ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലാത്ത ദയനീയമായ അവസ്ഥയാണ് നിലവിലുള്ളതെന്നും, നിലവിലെ സർക്കാർ അധികാരത്തിൽ നിന്ന് മാറണമെന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നും സിബൽ വ്യക്തമാക്കി. ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാൻ സുപ്രീംകോടതിക്ക് മാത്രമേ സാധിക്കൂവെന്നിരിക്കെ, ഇനി കോടതിയുടെ പടിവാതിൽക്കൽ ചെന്നതുകൊണ്ട് യാതൊരു കാര്യവുമില്ലെന്ന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രവർത്തനശൈലിയിൽ സംതൃപ്തനാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, സംതൃപ്തനാണെന്നോ അതൃപ്തനാണെന്നോ ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ ജനങ്ങൾക്കുവേണ്ടി കേസുകൾ ഏറ്റെടുത്ത് കോടതിയിൽ ഹർജികൾ ഫയൽ ചെയ്യുക എന്നത് ഒരു അഭിഭാഷകന്റെ ഉത്തരവാദിത്തമാണ്. എന്നാൽ വോട്ട് മോഷണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള ഗൗരവമേറിയ ആശങ്കകൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവഗണിക്കുന്ന സമീപാനമാണ് ഉണ്ടായതെന്നും കപിൽ സിബൽ കുറ്റപ്പെടുത്തി.
dsfsdf

